കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളം

കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാസിക വിലയിരുത്തുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണെന്ന് ടൈം മാസികയിലുണ്ട്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് അനുയോജ്യമാണെന്ന് ടൈം മാസികയും അടിവരയിടുന്നു.

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പുരാതന ലാൻഡ്‌മാർക്കുകളും സമകാലിക നവീകരണങ്ങളും ഉണ്ടെന്നും, ഈ നഗരം “സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക” ആണെന്ന് മാഗസിൻ പറയുന്നു.അന്താരാഷ്ട്രതലത്തിലെ ട്രാവല്‍ ജേര്‍ണലിസ്റ്റുകളുടെ ഇടയില്‍ നടത്തിയ അഭിപ്രായ സ്വരൂപണത്തിലൂടെയാണ് 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയത്. പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട- എന്നിവയും ഉള്‍പ്പെടുന്നു.