ഹൈദരാബാദ് എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ പോയിന്റ് ടേബിളിന്റെ തലപ്പത്തേക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. 2014നു ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സമയത്ത് ലീഗിന്റെ തലപ്പത്ത് ഇരിക്കുന്നത്. ലീഗിൽ പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ പരാജയപ്പെട്ടത് ഒരൊറ്റ മത്സരം. 17 പോയിന്റുമായി ടീം ലീഗിൽ ഒന്നാമത് നിൽക്കുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയ 17 പോയിന്റാണ് സീസൺ പകുതി ആകുമ്പോഴേക്ക് കേരള ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്.
മികച്ച രീതിയിലാണ് ആദ്യ പകുതിയിൽ തന്നെ രണ്ടു ടീമുകളും കളിച്ചത്. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു.അതിനു ശേഷം ലൂണയുടെ ഒരു ക്രോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു. ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.
രണ്ടാം പകുതിയും എണ്ണം പറഞ്ഞ അവസരങ്ങൾ രണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ ലീഡ് ഉയർത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളും ഒപ്പമെത്താനുള്ള ഹൈദരാബാദ് ശ്രമങ്ങളുമെല്ലാം പിഴക്കുകയായിരുന്നു. അതോടെ ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച ജയം. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുാമയി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷ്ഡ്പൂർ എഫ്.സി നാലാം സ്ഥാനത്തും.