യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് എസ് ജയ്ശങ്കര്‍ യുഎഇ പ്രസിഡന്‍റിന് കൈമാറി.
യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്‍റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാന്‍ യുഎഇയിലെത്തിയതാണ് എസ് ജയ്ശങ്കര്‍. അല്‍ ഷാതി കൊട്ടാരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുഎഇയ്ക്കും പൗരന്മാര്‍ക്കും അഭിവൃദ്ധിയും പുരോഗതിയും നേര്‍ന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകള്‍ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ കൈമാറി. യുഎഇ പ്രസിഡന്‍റ് ഇന്ത്യക്കും ആശംസകള്‍ നേര്‍ന്നു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി.