സിറിയ-തുർക്കി ഭൂകമ്പങ്ങളിൽ തുർക്കിയിൽ കാണാതായ ഘാനയിൽ നിന്നുള്ള മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ.12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.“ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹത്തിന്റെ ഏജന്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടത് മുതൽ അദ്ദേഹത്തെ കാണാതായിരുന്നു.“തുർക്കിയെ ബാധിച്ച ഭൂകമ്പത്തിന്റെ നാശത്തിൽ ക്രിസ്റ്റ്യൻ അറ്റ്‌സുവിന് ജീവൻ നഷ്ടപ്പെട്ട വാർത്തയിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ” പ്രീമിയർ ലീഗ് അധികൃതർ ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബുകളായ ന്യൂകാസിൽ, എവെർട്ടൻ, ബേൺമൗത്, ടീമുകൾക്ക് വേണ്ടി ക്രിസ്റ്റ്യൻ അറ്റ്‌സു ബൂട്ടണിഞ്ഞിട്ടുണ്ട്. ഘാനക്കു വേണ്ടി 65 കളികളിൽ പത്ത് ഗോൾ നേടിയിട്ടുണ്ട്.