ദക്ഷിണ അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം കാരണം വലയുന്നത്. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക്ക് ശുദ്ധജലവും കിട്ടാതായി.
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. ടെക്സസ്, ലൂസിയാന, കെൻറ്റക്കി, മിസോറി, ഡാലസ്, മിസിസിപ്പി, വെര്‍ജീനിയ, ഹ്യുസ്റ്റൺ, നോര്‍ത്ത് കരോലിന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം കടുത്ത ദുരിതത്തിലാണ്. നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയുമുണ്ട്. പടിഞ്ഞാറന്‍ ടെക്‌സസിലെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായി. അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചത് വിതരണ ശൃംഖലകളെ ബാധിച്ചു . നിലവില്‍ വീടുകള്‍ക്കുള്ളില്‍ പോലും തണുപ്പ് പ്രതിരോധിക്കാനാവാതെ ജനം വലയുകയാണ്. അതിശൈത്യം മൂലം റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു.
പൈപ്പിലൂടെ ലഭിക്കുന്ന ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട് . തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വീടുകള്‍ വിട്ട് ഹോട്ടലുകളില്‍ താമസിക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങൾ. വാഹനഗതാഗതം അടക്കം താറുമാറായതോടെ പ്രദേശത്തേക്കുള്ള കോവിഡ് വാക്‌സിസിൻ വിതരണവും നിലച്ചു.