കീവികളുടെ മണ്ണിൽ ചരിത്രമെഴുതി ടീം ഇന്ത്യ, ടി 20 പരമ്പര സ്വന്തം

ഇന്ത്യ – ന്യൂസിലന്‍ഡ് മൂന്നാം ടി20 മഴ മൂലം തടസപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ രണ്ടാം ടി 20 യിൽ നേടിയ തകർപ്പൻ വിജയമാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. മൂന്നാം പോരാട്ടത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലായിരുന്നു. 18 പന്തിൽ 30 റൺസുമായി നായകൻ ഹർദ്ദിക്ക് പാണ്ഡ്യയും 9 പന്തിൽ 9 റൺസുമായി ദീപക്ക് ഹൂഡയും പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും ഋഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. ഇഷാൻ കിഷൻ 11 പന്തിൽ 10 ഉം ഋഷഭ് പന്ത് 5 പന്തിൽ 11 ഉം റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 10 പന്തിൽ 13 റൺസാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. 3 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് കിവി ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്.

നേരത്തെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന്‍റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്