കാൽപന്തുകളിയുടെ ആഘോഷാരവങ്ങൾക്ക് ചരിത്രത്തിലാദ്യമായി ഒരു അറേബ്യൻ രാജ്യം വിരുന്നൊരുക്കും. ലോക ഫുട്ബാൾ മാമാങ്കത്തിന് നാളെ ഖത്തറിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറും, ഇക്വേഡോറും ഏറ്റു മുട്ടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. കളിയുടെ മഹാവേദിയിൽ കന്നിക്കാരാണ് ഖത്തർ എങ്കിൽ ഇക്വഡോർ ലാറ്റിനമേരിക്കയുടെ വലിയ പാരമ്പര്യത്തിൽ നിന്നാണ് അറേബ്യൻ മണ്ണിൽ പന്ത് തട്ടാൻ എത്തുന്നത്. ഇവിടെ സാധ്യതകളില്ല. ബലാബലത്തിലെ മുൻതൂക്കമില്ല. എല്ലാം കളിക്കളത്തിലെ 90 മിനിറ്റിനിടയിൽ വിരിയുന്ന നിമിഷങ്ങൾ തീരുമാനിക്കും. അടിതെറ്റിയ വമ്പൻമാരും അത്ഭുതപ്പെടുത്തിയ ചെറുമീനുകളും ഉൾപ്പെട്ടതാണ് ലോകകപ്പ് ചരിത്രത്തിന്റെ ഇന്നോളമുള്ള സൗന്ദര്യവും ആവേശവും.
ഉദ്‌ഘാടനദിവസം ആയത് കൊണ്ട് നാളെ ഒരു മത്സരം മാത്രമേയുള്ളു, എങ്കിലും നാളെമുതൽ കളംനിറയും. മൂന്ന് മത്സരങ്ങളാണ്. ഇംഗ്ലണ്ട് ഇറാനെയും (വൈകിട്ട് 6.30) സെനെഗൽ നെതർലൻഡ്‌സിനെയും (രാത്രി 9.30) നേരിടും. രാത്രി 12.30ന് അമേരിക്ക–-വെയ്‌ൽസ് പോരാട്ടം. തുടർന്ന് പ്രീ ക്വാർട്ടർവരെ എല്ലാദിവസവും നാല് കളികൾ വീതം ഉണ്ടാകും. ആദ്യകളി പകൽ മൂന്നരയ്ക്കാണ്. തുടർന്ന് വൈകിട്ട് 6.30, രാത്രി 9.30, രാത്രി 12.30 ക്രമത്തിലാണ് കളികൾ. അവസാന ഗ്രൂപ്പ് മത്സരങ്ങളും പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും രാത്രി എട്ടരയ്ക്കും 12.30നും. പ്രീക്വാർട്ടർ ഡിസംബർ മൂന്നുമുതൽ ആറുവരെയാണ്. ക്വാർട്ടർ ഒമ്പതിനും പത്തിനും. 13, 14 തീയതികളിലാണ് സെമി. ലൂസേഴ്‌സ് ഫൈനൽ 17നും ഫൈനൽ 18നും നടക്കും. സെമിമുതലുള്ള കളി രാത്രി എട്ടരയ്ക്കാണ്.
മുപ്പത്തിരണ്ട് ടീമുകൾ എട്ട് ഗ്രൂപ്പുകളിലാണ്. ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് മുന്നേറും. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ ഫ്രാൻസായിരുന്നു ജേതാക്കൾ.പ്രമുഖ താരങ്ങളുടെ പരിക്കുകൾ ഇക്കുറി മേജർ ടീമുകൾക്കെല്ലാം വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.