‘ആരാധകരേ ശാന്തരാകുവിൻ’; ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ഒരുക്കങ്ങൾ പൂർണം

കാൽപ്പന്തു കളിയുടെ ആഘോഷാരവങ്ങൾക്ക് വിസിൽ മുഴങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം. ഉത്സവത്തിമിർപ്പിലാണ് ഖത്തർ. ലുസൈലും അൽബൈത്തും അൽതുമാമയുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ഖത്തർ അതിഥികളെ വരവേൽക്കുന്നത്. അറേബ്യൻ നാട്ടിലെ പ്രഥമ ഫുട്ബോൾ ലോകകപ്പ്, ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഖത്തർ അമീർ തമീം ബിൻ ഹമദിന്റ ഭരണകൂടം. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ, ഖത്തറിന്റെ തെരുവുകളിൽ ആരാധകരുടെ ആവേശപ്രകടനങ്ങളും സജീവമായി.

2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായി. ലോകത്തിനും മേഖലയ്‌ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ തയ്യാറായതായി അധികൃതർ അറിയിച്ചു.കൊവിഡ് മഹാമാരിക്കിടയിലും ഫുട്ബോൾ പ്രേമികൾക്ക് പ്രതീക്ഷ നൽകുകയാണ് ഖത്തർ. വമ്പന്മാർ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ മത്സരം വീക്ഷിക്കാൻ കാണികൾക്കും അവസരമുണ്ടാകും. കൊവിഡിന് ശേഷമുള്ള ആദ്യത്തെ വൻകിട കായിക ടൂർണമെൻറിന് എല്ലാംകൊണ്ടും ഖത്തർ ഒരുങ്ങിക്കഴിഞ്ഞു.

ഇന്ത്യക്കാരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തം ഖത്തറിൽ കാണാം. വോളണ്ടീയറിങ്ങിൽ അടക്കം സകല മേഖലകളിലും ഇന്ത്യൻ വംശജർ സജീവമാണ്. അർജന്റീന, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ ടീമുകളുടെ മലയാളി ആരാധകർ ഖത്തറിൽ റാലി സംഘടിപ്പിച്ചിരുന്നു. നവംബർ 20 നു ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ ആണ് ആദ്യ മത്സരം. ലോകകപ്പ് മത്സരങ്ങൾ ജിയോ സിനിമയിലും സ്പോർട്സ്-18 ചാനലിലും ഖത്തർ ലോകകപ്പ് മത്സരങ്ങൾ ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 എസ്ഡി-1, എച്ച്ഡി-1 ചാനലുകളിലും തൽസമയം കാണാം. ജിയോ സിനിമയിൽ മലയാളം കമന്ററിയും ലഭ്യമാകും.

ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തർ
നെതർലൻഡ്‌സ്
സെനഗൽ
ഇക്വഡോർ

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാൻ
വെയ്ൽസ്

ഗ്രൂപ്പ് സി

അർജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാൻസ്
ഡെൻമാർക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജർമ്മനി
സ്‌പെയ്ൻ
ജപ്പാൻ
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെൽജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീൽ
സ്വിറ്റ്‌സർലൻഡ്
സെർബിയ
കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന