IPL 2022: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ, ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളും സാധ്യതകളിങ്ങനെ

രാജസ്ഥാൻ റോയൽസ് അടുത്ത ഐ പി എല്ലിനായി നിലനിർത്തുന്ന ആദ്യ താരം സഞ്ജു സാംസൺ ആകും. മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു 14 കോടിയുടെ കരാറിൽ ആകും ക്ലബിൽ തുടരുക. സഞ്ജു തന്നെ ആകും പുതിയ സീസണിലും രാജസ്ഥാന്റെ ക്യാപ്റ്റൻ. സഞ്ജു 2019 മുതൽ രാജസ്ഥാന് ഒപ്പമുള്ള താരമാണ്. മുമ്പ് 2013 മുതൽ 2015വരെയും സഞ്ജു സാംസൺ രാജസ്ഥാന് ഒപ്പം ഉ‌ണ്ടായിരുന്നു. സഞ്ജു അല്ലാതെ രാജസ്ഥാ‌ൻ നിലനിർത്തുന്ന മറ്റു താരങ്ങളെ പിന്നീട് അറിയാം. ബട്ലറെയും രാജസ്ഥാൻ നിലനിർത്തും എന്നാണ് സൂചന.

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി വീണ്ടുമൊരു മെഗാ താരലേലം നടക്കാനിരിക്കുകയാണ്. തിയ്യതി ഔദ്യോഗിതമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി ആദ്യവാരമായിരിക്കും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 30ന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനാണ് എട്ടു ഫ്രാഞ്ചൈസികളോടും നിര്‍ദേശിച്ചിരിക്കുന്നത്. പരമാവധി നാലു കളിക്കാരെയാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുന്നത്. മിക്ക ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്നവര്‍ ആരൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകള്‍ പുറത്തു വരികയും ചെയ്തിട്ടുണ്ട്.രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കുന്നതിനാല്‍ പുതിയ സീസണില്‍ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും.

ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തും. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തും. ഇഷാന്‍ കിഷനെ നിലനിര്‍ത്താനും മുംബൈക്ക് ആലോചനയുണ്ട്. സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്നാണ് സൂചന. വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍ എന്നിവരില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ നിലനിര്‍ത്തും.

വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ആര്‍സിബിയും നിലനിര്‍ത്തും. സണ്‍റൈസേഴ്സ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിര്‍ത്തും. കൂടാതെ കെയ്ന്‍ വില്യംസണ്‍ അല്ലെങ്കില്‍ ജോണി ബെയര്‍സ്റ്റോ എന്നിവരില്‍ ഒരാള്‍കൂടി ടീമില്‍ തുടരും. പഞ്ചാബ് രവി ബിഷ്ണോയ്, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് നിലനിര്‍ത്തുക.കെ എല്‍ രാഹുല്‍ പുതിയ ടീമായ ലഖ്നൗവിന്റെ നായകനാകും എന്നുള്ള താണ് മറ്റൊരു വിവരം. ഡേവിഡ് വാര്‍ണറുമായി ടീം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.