‘റിചാലിസൺ മാജിക്’: സെർബിയയെ മറികടന്ന് വരവറിയിച്ച് ബ്രസീൽ

ഗ്രൂപ്പ് ജിയിൽ ലോകഫുട്ബാളിലെ കുലപതികളായ ബ്രസീൽ ടീമിന് ആദ്യ മത്സരത്തിൽ ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സെർബിയ ആണ് മുൻ ലോകചാമ്പ്യന്മാരോട് അടിയറവ് പറഞ്ഞത്. വിജയത്തിന് ചുക്കാൻ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാർലിസൺ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോൾ പ്രകടനം. ആധികാരിക ജയത്തോടെ ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതായി. മറ്റൊരു മത്സരത്തിൽ കാമറൂണും, സ്വിറ്റസർലാൻഡും സമനിലയിൽ പിരിഞ്ഞിരുന്നു.

ആദ്യ പകുതിയിൽ സെർബിയൻ ഡിഫൻസിനു മുന്നിൽ പതറിയ ബ്രസീൽ മുന്നേറ്റ നിര പക്ഷെ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ചു. ബ്രസീലിന്റെ ശ്രമങ്ങൾക്ക് 62-ാം മിനിറ്റിൽ ഫലമുണ്ടായി. നെയ്മർ തുടങ്ങിവച്ച നീക്കമാണ് ഗോളിൽ അവസാനിച്ചത്. താരം പ്രതിരോധത്തെകബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക്. ബോക്‌സിൽ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. എന്നാൽ പൊസിഷൻ കീപ് ചെയ്ത റിച്ചാർലിസൺ റീബൗണ്ടിൽ അവസരം മുതലാക്കി.

10 മിനിറ്റുകൾക്ക് ശേഷം വീണ്ടും റിച്ചാർലിസൺ. ഇത്തവണ ഗോളിന്റെ ഭംഗി കൂടി. വിനിഷ്യസിന്റെ പാസ് ബോക്‌സിൽ സ്വീകരിച്ച റിച്ചാർലിസൺ ഒരു ആക്രോബാറ്റിക് ശ്രമത്തിലൂടെ ഗോൾ കീപ്പറെ കീഴടക്കി. ഒരുപക്ഷെ ഖത്തർ ലോകകപ്പിലെ ഇട്ടതും മികച്ച ഗോളുകളുടെ പട്ടികയിൽ ഇടം പിടിക്കാവുന്ന ഒരു ഗോൾ. 81-ാ മിനിറ്റിൽ കസമിറോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിൻറെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. എന്നാൽ ലീഡുയർത്താൻ സാധിച്ചില്ല. അവസാന വിസിൽ ഉയരുമ്പോൾ കാനറികൾ സാംബ നൃത്തം ആരംഭിച്ചിരുന്നു.