സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ഇന്ന് സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കം മുതൽ ഇന്ന് ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് തന്നെ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്. 38ആം മിനുട്ടിൽ ലൂക മോഡ്രിചിന്റെ വക ആയിരുന്നു ആദ്യ ഗോൾ. വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ നൽകിയ പന്ത് ഒറ്റ ടച്ചിൽ മോഡ്രിച് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബെൻസീമ റയലിന്റെ രണ്ടാം ഗോൾ നേടിയത്. റയൽ മാഡ്രിഡിന്റെ 12ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടമാണിത്. സെമി ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിച്ച് കൊണ്ടായിരുന്നു റയൽ ഫൈനലിലേക്ക് എത്തിയത്. കഴിഞ്ഞ 18 മാസത്തിനിടെ റയൽ മാഡ്രിഡ് നേടുന്ന ആദ്യ കിരീടമാണ് സ്‌പാനിഷ് സൂപ്പർ കപ്പ്.