ശ്രേയസിന് സെഞ്ചുറി; രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം, സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ ആണ് കളിയിലെ താരം. ഇന്ത്യക്കു വേണ്ടി ശ്രേയസ് അയ്യര്‍ (113) ഇഷാന്‍ കിഷന്‍ (86), സഞ്ജു സാംസൺ (30) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ധവാന്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. പാര്‍നല്ലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ ക്രീസിലേക്ക്. ഗില്‍ മറുവശത്ത് മനോഹരമായി കളിച്ചു. അഞ്ച് ബൗണ്ടറികള്‍ ഗില്ലിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ റബാദയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരും ഇഷാൻ കിഷനും നേടിയ 161 റൺസിന്റെ കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റി.

റാഞ്ചിയില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഓരോ ജയവുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (5) സിറാജ് ബൗള്‍ഡാക്കി. പത്താം ഓവരില്‍ ജന്നെമന്‍ മലാനും (25) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 40 എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 129 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെന്‍ഡ്രിക്‌സിനെ മടക്കിയയച്ച് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 76 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയത് മികച്ച ഫോമിലുള്ള ഹെന്റിച്ച് ക്ലാസന്‍. മധ്യ ഓവറുകള്‍ക്ക് ശേഷം മാര്‍ക്രത്തിനൊപ്പം 45 റണ്‍സിന്റെ നീര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ ദക്ഷിണാഫ്രിക്കക്ക് 278 എന്ന പൊരുതാനുള്ള സ്‌കോർ എത്തിപ്പിടിക്കാനായി.