ട്രംപിനെതിരായ കുറ്റ വിചാരണ തുടരാം; അംഗീകാരം നല്‍കി സെനറ്റ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരായ ഇംപീച്ച്‌മെന്റില്‍ വിചാരണയുമായി മുന്നോട്ട് പോകാനുള്ള അനുവാദം നല്‍കി യു എസ് സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിന് വിധേയനാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് തള്ളി. 44നെതിരെ 56 വോട്ടുകള്‍ക്കാണ് ട്രംപിന്റെ വാദം സെനറ്റ് വോട്ടിനിട്ട് തള്ളിയത്. ട്രംപിനെതിരെ വോട്ട് ചെയ്തവരില്‍ ആറ് പേര്‍ റിപബ്ലിക്കന്‍ അംഗങ്ങളാണ്.

ക്യാപിറ്റോള്‍ ഹില്ലിലെ അക്രമത്തിന് തൊട്ടു മുന്‍പ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെയും പിന്നാലെയുണ്ടായ അക്രമത്തിന്റെയും ഫുട്ടേജ് സെനറ്റില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഡെമോക്രാറ്റുകള്‍ തങ്ങളുടെ വാദം ഉന്നയിച്ചത്. പത്ത് മിനിറ്റോളം നീണ്ട് നിന്ന വീഡിയോയില്‍ ‘ഫൈറ്റ് ലൈക്ക് ഹെല്‍’ എന്ന ട്രംപിന്റെ പരാമര്‍ശം കലാപത്തിന് ആഹ്വാനം ചെയ്യല്‍ തന്നെയായിരുന്നെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. മെറിലൻഡിൽ നിന്നുള്ള സെനറ്റ് പ്രതിനിധി ജേമി റസ്‌കിന്‍ വൈകാരികമായി നടത്തിയ പ്രസംഗത്തിനിടെ കരയുകയും അമേരിക്കയുടെ ഭാവി ഇങ്ങനെയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്ലിലെ കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും സാധാരാണ രാഷ്ട്രീയ പ്രസംഗം മാത്രമാണ് നടത്തിയതെന്നും ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സെനറ്റ് ഈ വാദം തള്ളുകയായിരുന്നു. ബ്രൂസ് കാസ്റ്റര്‍ നയിക്കുന്ന ട്രംപ് അഭിഭാഷക സംഘത്തിന്റെ വാദം ദുര്‍ബലമായി പോയെന്ന വിമര്‍ശനം ട്രംപ് അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. സംഘത്തിന്റെ വാദത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ് ക്ഷുഭിതനായതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം സെനറ്റിലെ 100 അംഗങ്ങളില്‍ 67 പേരുടെ പിന്തുണ ലഭിച്ചാലെ കുറ്റവിചാരണ പ്രമേയം പാസാകു. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് ക്യാപിറ്റോള്‍ ഹില്ലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഒരു പൊലീസുകാരനടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഈ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് രണ്ടാം തവണയും ഡോണൾഡ്‌ ട്രംപിനെ ഇംപീച്ച്‌മെന്റിന് വിധേയനാക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടി വരുന്നത്. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വന്ന മറ്റൊരു പ്രസിഡന്റും അമേരിക്കന്‍ ചരിത്രത്തിലില്ല.