തിയേറ്ററിൽ കണ്ടിറങ്ങിയിട്ടും നിങ്ങളുടെ മനസ്സിൽ ഒരു സിനിമ ഏറെ നേരം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതാണ് ഒരു ഗംഭീര സിനിമയുടെ ലക്ഷണം എന്നൊരു പ്രശസ്ത സിനിമ സംവിധായകൻ പറഞ്ഞിട്ടുണ്ട്. ആ അർത്ഥത്തിൽ ബ്ലെസ്സി-പൃഥ്വിരാജ് ചിത്രത്തിന്റെ ആട് ജീവിതം ഒരു മാസ്മരിക സിനിമ വിസ്മയം ആണ്, സിനിമ കണ്ടിറങ്ങിയ ശേഷവും കേന്ദ്ര കഥാപാത്രമായ നജീബിനൊപ്പം മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള പ്രേക്ഷകന്റെ സഞ്ചാരം തിയേറ്റർ വിട്ടിട്ടും അവസാനിച്ചിട്ടില്ലെന്നു സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്ന കുറിപ്പുകൾ സാക്ഷ്യം പറയുന്നുണ്ട്.
രണ്ടായിരത്തിൽ പുറത്തിറങ്ങി ലോകമെങ്ങും കൊണ്ടാടിയ ടോം ഹാങ്ക്സ് നായകനായ കാസ്റ്റ് എവേ എന്ന ഹോളിവുഡ് സർവൈവൽ സിനിമക്ക് വേണ്ടി നായകൻ അനുഭവിച്ച ത്യാഗത്തിനും മുകളിലാണ് പൃഥിരാജെന്ന നടൻ്റെ ആടുജീവിതത്തിനു വേണ്ടിയുള്ള സമർപ്പണം. ഇനി ഒരിക്കലും ഞാൻ ഒരു സിനിമക്ക് വേണ്ടി ഇങ്ങനെ ചെയ്യില്ല എന്ന് താൻ എടുത്ത ഫിസിക്കൽ എഫെർട്ടിനെ കുറിച്ച് പറയണം എങ്കിൽ നമ്മുക്ക് മനസ്സിലാക്കാവുന്നത് ആണ് അദ്ദേഹത്തിന്റെ സംഭാവന. പതിറ്റാണ്ടാകുകൾക്ക് മുൻപ് പ്രവാസജീവിതത്തിൻ്റെ നോവുകളും വേദനകളും ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിച്ചപ്പോൾ നായകൻ സുകുമാരനായിരുന്നു. പിൽക്കാലത്ത് അതേ വിഷയം കൂടുതൽ മികവോടെ തിരശ്ശീലയിലേക്കെത്തുമ്പോൾ നായകൻ പൃഥ്വിരാജായത് തികച്ചും യാദൃശ്ചികമാവാം.സാധാരണ നടനിൽ നിന്ന് അസാധാരാണ നടനിലേക്കുള്ള പൃഥ്വിരാജിൻ്റെ പരകായപ്രവേശമാണ് ആടുജീവിതമെന്ന സിനിമ. വരും കാലങ്ങളിൽ പൃഥ്വിരാജിനെ നടനെന്ന നിലയിൽ അടയാളപ്പെടുത്തുന്ന സിനിമകളിൽ മഹനീയ സ്ഥാനം തന്നെ ആടു ജീവിതത്തിനുണ്ടാകുമെന്നതിൽ സംശയമില്ല. രഞ്ജിത്ത് അമ്പാടി എന്ന ക്രിയേറ്റിയവ മേക്ക് അപ് മാന്റെ ഗംഭീര ഇടപെടലും പൃഥ്വിരാജിന്റെ പരകായ പ്രവേശനത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്,
സംവിധായകൻ്റേതാണോ, കഥാകൃത്തിൻ്റേതാണോ നായക നടൻ്റേതാണോ ഈ സിനിമയെന്ന് വിവേചിച്ചറിയാൻ പറ്റാത്ത വിധം കെട്ടുറപ്പോടെ അണിയിച്ചൊരുക്കിയ മനോഹരമായൊരു കാഴ്ചയാണ് ഈ ചിത്രം. ചർച്ച ചെയ്യപ്പെട്ട നോവലിൻ്റെ ദൃശ്യാവിഷ്കാരം അതിസങ്കീർണ്ണമായൊരു പ്രക്രിയയാണ്. എഴുത്തുകൾക്ക് വിശാലമായ ഇടവും എന്നാലത് തിരശ്ശീലയിലേക്ക് പകർത്തുമ്പോൾ പരിമിതവുമാണ്. എന്നിരുന്നാലും പുസ്തകത്തിൻ്റെ മർമപ്രധാനമായ ഭാഗങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചാണ് ബ്ലെസിയെന്ന സംവിധായകൻ ഈ സിനിമ അണിയിച്ചൊരുക്കിയിട്ടുള്ളത്. തന്റെ ആയുസിലെ പതിനാറു വർഷം ഒരു സിനിമക്ക് വേണ്ടി മാറ്റി വെച്ച് കാഴ്ച്ച, തന്മാത്ര, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകനെ ഞെട്ടിച്ച ബ്ളസി ഒരിക്കൽ കൂടി അത് ആവർത്തിക്കുകയാണ് ആട് ജീവിതം എന്ന മാസ്റ്റർ ക്‌ളാസ്സിലൂടെ. മരുഭൂമിയിൽ വെള്ളം തിരയുന്ന നജീബിന്റെ ക്ളോസ് അപ് ഷോട്ടിൽ നിന്നും കേരളത്തിൽ തൻ്റെ ജോലി ആയിരുന്ന, പുഴയിൽ മണൽ തിരയുന്ന ഷോട്ടിലേക്ക് കൊണ്ട് പോകുന്ന രംഗം ബ്ലെസ്സി എന്ന ഫിലിം മേക്കറുടെ ഉൾക്കാഴ്ചയെ വരച്ചിടുന്ന ഒന്നാണ്,

പ്രതിസന്ധിയിലകപ്പെട്ട നായകൻ അവിശ്വസനീയമാം വിധം മനുഷ്യൻ്റെ യുക്തിയെ ചോദ്യം ചെയ്ത് തിരിച്ചു വരുന്നൊരു സിനിമയല്ല ബ്ലെസി ഊതിക്കാച്ചിയെടുത്ത ആടുജീവിതമെന്ന ദൃശ്യവിസ്മയം.വാനോളം പ്രതീക്ഷകളുമായി ഗൾഫിൽ വിമാനമിറങ്ങിയ നജീബെന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിലൂടേയാണ് സിനിമ മുൻപോട്ട് പോകുന്നത്.ചുട്ടുപൊളളുന്ന മണലാരണ്യത്തിൽ നജീബ് നേരിടുന്ന സമാനതകളില്ലാത്ത പീഢനങ്ങൾ ഏതൊരാളുടേയും ഉള്ളുലക്കുന്നതാണ്.അപരിചിതമായ ഇടവും, മനുഷ്യരും, അജ്ഞാതമായ ഭാഷയും സംവേദനത്തിന് തടസ്സം നിൽക്കുമ്പോൾ നിസ്സഹായനാപ്പോകുന്ന നജീബിൻ്റെ സങ്കടത്തോടൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങും.
പിന്നീടങ്ങോട്ട് മനസ്സും ശരീരവും മരവിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ചുട്ടുപൊള്ളുന്ന മണലാരണ്യത്തെ സാക്ഷിയാക്കി സംവിധായകൻ ദൃശ്യവൽക്കരിച്ചിട്ടുള്ളത്. ഒരു നിഴലിൻ്റെ തണൽ പോലും അന്യമായ ഊഷരഭൂമിയിൽ നിന്ന് അതിവേഗം സഞ്ചരിച്ച് കേരളത്തിൻ്റെ ഹരിതാഭയിലേക്ക് ക്യാമറ സഞ്ചരിക്കുമ്പോൾ നജീബിൻ്റെ ദുരിതത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാവരുതെന്ന് പ്രേക്ഷകർ പ്രാർത്ഥിച്ചു പോകും.പ്രിഥ്വിരാജ് താരമെന്ന ഭാരത്തെ ഇറക്കിവെച്ച് ഉള്ളിൽ രാകിത്തെളിയിച്ച് സൂക്ഷിച്ച് വെച്ച ഇരുത്തം വന്ന നടനെ പുറത്തെടുത്താണ് മരുഭൂമിയിൽ ബ്ലെസിയുടെ ശിക്ഷണത്തിൽ സുനിലിൻ്റെ ക്യാമറക്ക് മുൻപിൽ നിന്നതെന്ന് പറയേണ്ടി വരും.
നജീബിനൊപ്പം തൊണ്ടവരണ്ട് കണ്ണുകൾ ഈറനണിഞ്ഞ് തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദവും പേറി രാവും പകലും നമ്മളും നടന്ന് നിരാശയുടെ മരുഭൂമിയെ പിന്നിലാക്കി റോഡ് വക്കിലെത്തുമ്പോൾ നജീബിൻ്റെ കണ്ണിലെ തിളക്കത്തോടൊപ്പം നമ്മുടെ ഹൃദയത്തിലും മഞ്ഞുവീണ പ്രതീതി സമ്മാനിക്കാൻ സംവിധായകനാവുന്നുണ്ട്. പ്രതീക്ഷകളറ്റ് മരുഭൂയിലെ അതികഠിന ജീവിതത്തോട് പൊരുത്തപ്പെട്ട് ഏത് സമയവും മരണത്തെ പ്രതീക്ഷിക്കുന്ന നജീബിൻ്റെ മുൻപിലേക്ക് ദൈവദൂതനെപ്പോലെ കടന്നു വരുന്ന ഇബ്രാഹീം കാദിരിയായി നിറഞ്ഞാടിയ ജിമ്മി ജീൻ ലൂയിസെന്ന നടൻ അളവുകളില്ലാതെ കാണികളുടെ കയ്യടി നേടുന്നുണ്ട്.
തുടക്കക്കാരനാണെ പ്രതീതിയുണ്ടാക്കാതെ പ്രിഥ്വിക്കൊപ്പം അസാമാന്യ പ്രകടനം കാഴ്ചവെച്ച ഗോകുൽ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നുണ്ട്. എന്ത് കൊണ്ട് സംവിധായകൻ ഗോകുലിനെ സെലക്ട് ചെയ്തു എന്നതിനുള്ള ഉത്തരമാണ് നജീബിൻ്റെ സുഹൃത്ത് ഹക്കിമായിട്ടുള്ളെ ഗോകുലിൻ്റെ പ്രകടനം.അതിസൂക്ഷ്മ നിരീക്ഷണത്തോടെയുള്ള ശബ്ദ മിശ്രണം കൊണ്ട് റസൂൽ പൂക്കുട്ടി മണൽക്കാടിൻ്റെ ഭീകരതയും വന്യതയും ഏകാന്തതയും കൃത്യമായി വരച്ചിടുന്നുണ്ട്.
നജീബിൻ്റെ ഏകാന്തതയുടേയും പ്രണയത്തിൻ്റേയും വിരഹത്തിൻ്റേയും ആഴമറിയുന്നത് എ ആർ റഹ്മാനെന്ന ലെജൻ്റിൻ്റെ മാസ്മരിക സംഗീതത്തിലൂടെയാണ്, ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ, പീഢിതരുടെ, നിരാലംബരുടെ അതിജീവനത്തിൻ്റെ ശുഭപര്യവസാനം ഏതൊരു മനുഷ്യൻ്റെയും ഹൃദയത്തിൽ സന്തോഷത്തിൻ്റെ സ്ഫോടനങ്ങൾ സൃഷ്ടിക്കും. ആ അർത്ഥത്തിൽ അത്രമേൽ ഹൃദയ ഹാരിയായൊരു ദൃശ്യാവിഷ്കാരമാണ് ബ്ലെസി പ്രേക്ഷകർക്ക് ആടുജീവിതത്തിലൂടെ സമ്മാനിക്കുന്നത്.