അർജന്റീനക്ക് സൗദിയുടെ ഷോക് ട്രീറ്റ്മെന്റ്; ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി (1-2)

ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലോകം സാക്ഷ്യം വഹിച്ചു. ആവേശപ്പോരിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയെ നാണംകെട്ട തോൽവിയിലേക്ക് തള്ളി വിട്ടത്. അർജൻറീനക്കായി ലിയോണൽ മെസിയും സൗദിക്കായി സലേ അൽഷെഹ്‌രിയും, സലീം അൽദാവസാരിയും വലകുലുക്കി.

ലിയോണൽ മെസിയെയും ലൗറ്റാരോ മാർട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിൽ ലാറ്റിനമേരിക്കൻ പട കളത്തിറങ്ങിയപ്പോൾ ഏയ്ഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും പപു ഗോമസും മധ്യനിരയിൽ കരുക്കൾ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെൻഡിക്കൊപ്പം ക്രിസ്റ്റ്യൻ റൊമേറോയും നഹ്വേൽ മൊളീനയും നിക്കോളാസ് ടാഗ്ലിഫിക്കോയും ഉൾക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പർ ഗോളി എമിലിയാനോ മാർട്ടിനസ് ഗോൾബാറിന് കീഴെയുമെത്തി.

കിക്കോഫ് മുതൽ പന്തടക്കത്തിലും ആക്രമണത്തിലും പകയ്ക്കാതെ നിന്ന അർജൻറീനയുടെ ലോകകപ്പ് ഗോൾ വാതിൽ തുറന്ന് മെസിയുടെ അനായാസ ഫിനിഷിംഗ് ലോകം കണ്ടു. പരേഡസിനെ അൽ ബുലാഹി ബോക്‌സിൽ വീഴ്‌ത്തിയപ്പോൾ വാർ പരിശോധനയിലേക്ക് നീണ്ടു റഫറിയുടെ നടപടി. വാർ പരിശോധനയ്ക്ക് ശേഷം റഫറി ബോക്‌സിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്കെടുക്കാൻ ലിയോ അല്ലാതെ മറ്റൊരു ഓപ്‌ഷനും അർജൻറീന മനസിൽ കണ്ടില്ല. സൗദി ഗോളി അൽ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി നിസ്സാരമായി പന്ത് വലയിലിട്ടു.

22-ാം മിനുറ്റിൽ ലിയോ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈ‍ഡ് വിളിച്ചു. ലീഡ് രണ്ടായി ഉയർത്താനുള്ള അവസരം 28-ാം മിനുറ്റിലും അർജൻറീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാർട്ടിനസിൻറെ ഗോളും ഓഫ്‌സൈഡിന് വഴിമാറി. 35-ാം മിനുറ്റിൽ മാർട്ടിസിൻറെ മറ്റൊരു ഓട്ടപ്പാച്ചിൽ വീണ്ടും ഓഫ്‌സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കിൽ ആദ്യപകുതിയിൽ തന്നെ നാല് ഗോളിന് അർജൻറീന മുന്നിലെത്തുമായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ പുതിയ ഒരു സൗദി ടീമിനെ ആണ് ലോകം കണ്ടത്.48-ാം മിനുറ്റിൽ സലേ അൽഷെഹ്‌രിയും 53-ാം മിനുറ്റിൽ സലീം അൽദാവസാരിയുമാണ് സൗദിക്കായി ഗോൾവല പൊട്ടിച്ചത്. പിന്നീട് പലതവണ അർജൻറീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സൗദി ഗോളി വിലങ്ങുതടിയായി. സൗദി മുന്നേറ്റ നിര അർജന്റീനിയൻ പ്രതിരോധത്തിലെ വിള്ളലുകൾ തുറന്നു കാണിച്ച മത്സരം കൂടിയായി.