ലോകം അറിയണം, ഒരു രാജ്യം ഭിന്നശേഷിക്കാർക്ക് നൽകുന്ന പരിഗണന ഫിഫ വേൾഡ് കപ്പ് വേദിയോളം എത്തിയത്

ഖത്തർ ലോകകപ്പ് ആവേശകരമായ ഗ്രൂപ് മത്സരങ്ങളുടെ പരിസമാപ്തിയിലേക്ക് പ്രവേശിക്കുകയാണ്. അവസാന പതിനാറിൽ ഏതെല്ലാം ടീമുകൾ ഉണ്ടാകും എന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കി. ഖത്തറിലെ ലോകകപ്പ് സംഘടനത്തെ കുറിച്ച് വളരെ പോസിറ്റിവ് ആയതും ചുരുക്കം വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഖത്തർ ലോകകപ്പിന്റെ സവിശേഷത ഭിന്നശേഷിക്കാർക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങൾ കൂടിയാണെന്ന് ലോകമാധ്യമങ്ങളും അടിവരയിടുന്നു.ഭിന്നശേഷി സൗഹൃദമല്ലാത്ത ഇടങ്ങൾ ഇപ്പോഴും സജീവമായിട്ടുള്ള ലോകത്തിൽ ഇത് ഏറെ പ്രസക്തമാണ്.

പ്രസ്തുത വിഷയത്തിൽ നജീബ് മൂടാടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

ഇന്നലെ ലോകകപ്പ് മത്സരം നടന്ന ഖത്തറിലെ ഖലീഫാ സ്റ്റേഡിയത്തിൽ നിന്നും എടുത്തതാണ് ഈ ചിത്രം. വീൽചെയറിൽ ഉള്ളവർക്ക് ഏറ്റവും സുഗമമായി മുന്നിൽ ഇരുന്നുകൊണ്ടുതന്നെ കളി കാണാൻ ഒരുക്കിയ സൗകര്യം.സ്റ്റേഡിയത്തിലെ കളി കാണാനുള്ള സൗകര്യം മാത്രമല്ല, നേരത്തേ ഓൺലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും സാധാരണ ടിക്കറ്റ് ലഭ്യമല്ലാതിരുന്നപ്പോഴും, ഓരോ കളിക്കും നിശ്ചിത ടിക്കറ്റുകൾ ഭിന്നശേഷിക്കാർക്ക് മാത്രമായി മാറ്റിവെച്ചിരുന്നതിനാൽ അവർക്ക് വേണ്ടി യഥേഷ്ടം ടിക്കറ്റുകൾ ലഭ്യമായിരുന്നു.

കളി കാണാൻ വരുന്ന ഭിന്നശേഷിക്കാർക്ക് പാർക്കിംഗ് മുതൽ ഗ്യാലറി വരെ തിക്കിലും തിരക്കിലും പെടാതെ സുഗമമായി എത്തിച്ചേരാനുള്ള സംവിധാനം, അവരുടെ കാര്യങ്ങൾ നോക്കാൻ പ്രത്യേകം വളണ്ടിയർമാർ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്‌ലെറ്റ്, ഇതൊക്കെ കൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വീൽചെയറിൽ ഉള്ള ഒരുപാട് മനുഷ്യർ ഖത്തറിൽ എത്തിയിട്ടുണ്ട്. ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനോടൊപ്പം ഉദ്ഘാടനവേദിയെ വിസ്മയിപ്പിച്ച ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്താഹ് ഖത്തറിന്റെ ലോകകപ്പ് അംബാസിഡർ കൂടി ആയിരുന്നു എന്നോർക്കുക.

എല്ലാ പൊതു ഇടങ്ങളിലും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും പരിഗണനയും നൽകുന്ന ഈ രാജ്യമാണ് ഏപ്രിൽ 2 ഓട്ടിസം ദിനമായി ആചരിക്കണമെന്ന് UN ജനറൽ അസംബ്ലിയിൽ നിർദേശം വെച്ചതും. പിന്നീട് നടപ്പായതും എന്നത് പലർക്കും അറിയില്ല. ഖത്തർ ഭരണാധികാരി ഷേക്ക് തമീം ബിൻ അൽത്താനിയുടെ മാതാവിന്റെ പ്രത്യേക താല്പര്യപ്രകാരം ഓട്ടിസം അടക്കമുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന രാഷ്ട്രം കൂടിയാണ് ഖത്തർ.

അപകടമോ രോഗമോ കാരണം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നതോടെ പുറംലോകത്തേക്കുള്ള വാതിൽ എന്നെന്നേക്കുമായി അടഞ്ഞുപോകുന്ന എത്രയോ മനുഷ്യരുണ്ട്. അവർക്ക് കൂടി സുഗമമായി സഞ്ചരിക്കാനും പുറംലോകം പ്രാപ്യമാവാനുമുള്ള ചട്ടങ്ങളും നിയമങ്ങളും ഏട്ടിൽ മാത്രം ഒതുങ്ങുകയും, എന്തിനാണ് പുറത്തുപോകുന്നത് എന്ന് വേണ്ടപ്പെട്ടവർ വരെ ചോദിക്കുകയും ചെയ്യുമ്പോൾ ആഗ്രഹങ്ങളൊക്കെ ഉള്ളിൽ വെച്ചു നിശബ്ദരായിപ്പോകുന്നവർ. കഷ്ടപ്പെട്ടും സാഹസികമായും ഒരാൾ വീൽചെയറിൽ പൊതു ഇടങ്ങളിലേക്കിറങ്ങിയാൽ കൗതുകത്തോടെയും സഹതാപത്തോടെയും മാത്രം നോക്കുന്ന, ഇവർക്ക് വീട്ടിൽ ഇരുന്നാൽ പോരേ എന്ന മനോഭാവത്തോടെ നെറ്റിചുളിക്കുന്ന സമൂഹമാണ്. അങ്ങനെയൊരു ലോകത്ത് ഒരു രാജ്യം ഭിന്നശേഷിക്കാർക്ക് നൽകുന്ന പരിഗണന ഫിഫ വേൾഡ് കപ്പ് വേദിയോളം എത്തിനിൽക്കുമ്പോൾ ലോകം അത് അറിയേണ്ടതുണ്ട്. ലോകകപ്പ് വേദിയിൽ കിട്ടാത്ത പലതിനെക്കുറിച്ചുമുള്ള പരാതി മാത്രം ചർച്ച ചെയ്തുകൊണ്ടിരുന്നാൽ പോരല്ലോ.

https://www.facebook.com/najeebmoodadi/posts/pfbid02iGWF4gKbYfyN6n2U1JommTbeeJrVw2FxGmnRk8PJim3nbtxW9MEzxn1QJbkx2hmRl?cft[0]=AZVMiJe2WJSoTqFVrHVHvrZGPlWdY8ndApFnEBOBXeizbqzdilarLhm7qnEOtzBS8EJVrIcQYSh2Xtmpd1rVrolIjMEZQtsojFu-ef5kdeU3NceeXHNwUY43Z0DTDcErtH8&tn=%2CO%2CP-R