ആസ്വദിച്ചു കളിക്കാൻ സാഹചര്യമുണ്ടെങ്കിൽ മെസ്സിയോളം അപകടകാരിയായ മറ്റൊരു കളിക്കാരനും ഇപ്പോൾ ലോകത്തില്ല

“I like Messi because he doesn’t think he’s Messi. He plays like a child enjoying the pasture, playing for the pleasure of playing, not the duty of winning.”

  • Eduardo Galeano

ബാഴ്‌സലോണ കുപ്പായത്തിൽ നേടിയ അസംഖ്യം കിരീടങ്ങൾ അർജന്റീനയ്ക്ക് വേണ്ടി ആവർത്തിക്കാൻ കഴിഞ്ഞില്ല എന്ന് മെസ്സി നേരിട്ട വിമർശനങ്ങൾ ഒരു പരിധി വരെ അവസാനിച്ചത് കഴിഞ്ഞ കോപ്പ അമേരിക്ക വിജയത്തോടെയാണ്. ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടുമ്പോഴും മൂന്നുവർഷങ്ങൾക്ക് മുൻപുവരെ മെസ്സി അർജന്റീനയ്ക്ക് കളിക്കുമ്പോൾ അമിത സമ്മർദ്ദം മൂലം അനുഭവിച്ചിരുന്നു. ഇത് അർജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോൾ പലപ്പോഴും വേണ്ടത്ര മികവുള്ള ഒരു ടീം തനിക്കൊപ്പം ഇല്ലായെന്ന മെസ്സിയുടെ ബോധ്യം കൊണ്ടാവാം. മെസ്സിക്കുമേൽ അമിതമായ ആശ്രയത്വം ടീമിന്റെ പ്രകടനങ്ങളെ ബാധിച്ചതുകൊണ്ടാവാം. ഫുട്‌ബോൾ ശ്വസിച്ചു ജീവിക്കുന്ന ഒരു രാജ്യത്തിന്റെ അയഥാർഥ്യമായ അമിത പ്രതീക്ഷകൾ ഏൽപ്പിക്കുന്ന സമ്മർദ്ദമാവാം.

ടീമിന്റെ സെക്യൂരിറ്റി സ്റ്റാഫിന് ആറു മാസമായി മുടങ്ങിക്കിടന്ന ശമ്പളം മെസ്സി സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്ന അവസ്ഥയിലെത്തിച്ച, വലതുപക്ഷം രാജ്യത്തു അധികാരത്തിൽ എത്തിയശേഷം അവർ പിടിച്ചെടുത്ത, കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കിയ ഒരു ഫുട്‌ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ചു കളിക്കേണ്ടി വരുന്നതാവാം. നിരന്തരമായി അന്താരാഷ്ട്ര ടൂർണമെന്റുകളിലൂടെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ഫൈനലുകളാവാം. ഇതൊക്കെയാവാം നിരാശാബോധം താങ്ങാനാവാതെ രണ്ടുതവണ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് പിന്നീട് പിൻവലിച്ച വിരമിക്കൽ പ്രഖ്യാപനങ്ങൾക്ക് മെസ്സിയെ പ്രേരിപ്പിച്ചത്. ട്രോഫികൾക്ക് വേണ്ടിയുള്ള സമ്മർദ്ദം ഫുട്‌ബോളിനെ ആസ്വദിച്ചു കളിക്കുന്നതിന് മെസ്സിയെ എത്രത്തോളം അനുവദിച്ചു എന്നതൊരു പ്രശ്നം തന്നെ ആയിരുന്നു. ട്രോഫികൾക്കു പകരം, കുട്ടികളെപ്പോലെ കളിയുടെ ആഹ്ലാദത്തിനായി കളിച്ചിരുന്ന മെസ്സിയുടെ കേളീശൈലിക്ക് യോജിച്ചതായിരുന്നില്ല ഈ അടിച്ചേൽപ്പിക്കപ്പെട്ട അമിതമായ സമ്മർദ്ദങ്ങൾ. എന്നിട്ടും 2014 ലോകകപ്പ് വിജയത്തിന് തൊട്ടടുത്ത് എത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞു.

പിന്നീട് ബാഴ്സയുടെയും നാഷണൽ ടീമിന്റേയും റോളുകൾ പരസ്പരം മാറി. ബോർഡിന്റെ പിടിപ്പുകേടും, കോവിഡിന്റെ ആഘാതവും മൂലം കളിക്കളത്തിന് അകത്തും പുറത്തും ബാഴ്‌സ വലിയ പ്രതിസന്ധികൾ നേരിട്ടു. 2015-നു ശേഷം ചാമ്പ്യൻസ് ലീഗ് നേടാത്ത, സാവിയും, ഇനിയെസ്റ്റയും, നെയ്മറും, മാസ്കരാനോയും, സ്വാറസുമില്ലാത്ത ബാഴ്‌സയെ ഏതാണ്ട് ഒറ്റയ്ക്ക് ചുമലിലേറ്റി തളർന്ന് മെസ്സി ഒടുവിൽ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാനാവാതെ ക്ലബ് വിട്ടു. അതേസമയം പ്രമുഖ യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന മികച്ച യുവനിരയും, ടീമിന്റെ മികവുകളും ദൗർബല്യങ്ങളും മനസിലാക്കി ഗെയിം പ്ലാൻ ഒരുക്കുന്ന സ്‌കലോണി എന്ന കോച്ചും അർജന്റീനയ്ക്ക് വേണ്ടിയുള്ള കളികൾ മെസ്സിക്ക് ആസ്വാദ്യകരമാക്കി. മെസ്സിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി, മെസ്സിയെ അമിതമായി ആശ്രയിക്കാതെ മറ്റുകളിക്കാർക്കും സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയുന്ന ഗെയിം പ്ലാനുമായി മുന്നോട്ട് പോയതു കൊണ്ടുകൂടിയാണ് പരാജയം അറിയാത്ത 36 കളികളിലും, കോപ്പ അമേരിക്ക നേട്ടത്തിലും അർജന്റീന എത്തി നിൽക്കുന്നത്.

PSG യിലെ ആദ്യ സീസണിൽ മങ്ങിപ്പോയെങ്കിലും ഈ സീസണിൽ അപാര ഫോമിൽ ആണ് മെസ്സി. സ്‌ട്രൈക്കറിൽ നിന്നും ഒരു പരിപൂർണ്ണ പ്ലെ മേക്കർ ആയി മെസ്സി മാറിക്കഴിഞ്ഞു. ഡ്രിബിൾ ചെയ്യുന്നതിലും സ്പ്രിന്റ് ചെയ്യുന്നതിലും പ്രായം ഏൽപ്പിക്കുന്ന പരിമിതികൾ പരിമിതികൾ വിഷനും അപാരമായ പാസിംഗ് range ഉം കൊണ്ടാണ് മെസ്സി മറികടന്നത്. യൂറോപ്പിലെ പ്രധാന 5 ലീഗുകളിൽ ഈ സീസണിൽ ഏറ്റവും അസിസ്റ്റുകൾ നൽകിയത് മെസ്സിയാണ്. നെയ്മറിന്റെയും എമ്പാപ്പെയുടെയും മികച്ച ഫിനിഷിങ്ങും കൂടി ഇതിന് സഹായകരം ആയി.

പണ്ടുമുതലേ കളികളുടെ തുടക്കത്തിൽ നല്ലോരു സമയം മെസ്സി നടക്കുന്നത് കാണാം. എന്നാൽ ഈ സമയത്ത് മെസ്സി ചുറ്റും നോക്കി എതിർ ഡിഫൻഡർമാരുടെ സ്ഥാനവും, ഫോർമേഷനും, അവരുടെ ബലഹീനതകളും മനസ്‌സിൽ ഉറപ്പിക്കുക ആണെന്നും, ഈ ഇൻഫോർമേഷൻ ആണ് പിന്നീട് ഗംഭീരമായ മുന്നേറ്റങ്ങൾക്ക് മെസ്സിയെ സഹായിക്കുന്നത് എന്നും ബാഴ്‌സയിലെ മെസ്സിയുടെ കൊച്ചായിരുന്ന ഗാർഡിയോള പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ നടത്തം കൂടുതൽ ആയി എന്നുകാണാം. കാര്യമായ ഡിഫണ്ടിങ്ങോ, ട്രാക്കിംഗ് ബാക്കോ ഒന്നും മെസ്സി നടത്താറില്ല. എന്നാൽ ഡിഫൻസീവ് ലൈനുകൾക്ക് ഇടയിലുള്ള പൊസിഷനിംഗും, കൃത്യമായ സമയത്തുള്ള എണ്ണം പറഞ്ഞ റണ്ണുകളും, ഡിഫണ്ടർമാർക്ക് മുകളിലൂടെ പായിക്കുന്ന കീ ഫോർവേഡ് പാസുകളുമായി നിമിഷ നേരങ്ങൾക്കിടയിലാണ് മെസ്സി രൗദ്ര രൂപം കൈക്കൊള്ളുന്നത്. കൂടാതെ മെസ്സിയുടെ സാനിദ്ധ്യം കൂടുതൽ ഡിഫണ്ടർമാരെ മെസ്സിയിലേക്ക് അടുപ്പിക്കുകയും, അവരുടെ ഡിഫെൻസീവ് ഓർഗനൈസേഷൻ തകരുകയും ഇത് ടീമിലെ മറ്റുള്ള മുന്നേറ്റ കളിക്കാർക്ക് ഓപ്പോസിഷൻ പെനാൽറ്റി ബോക്സിൽ വലിയ സ്‌പെയ്‌സ് ഉണ്ടാക്കുകയും ചെയ്യുന്നു. PSG യിൽ എംബാപ്പ ഒക്കെ ഇതിന്റെ ഗുണഭോക്താക്കൾ ആണ്. എംബാപ്പയുടെ ശരവേഗം കൂടിയാവുമ്പോൾ ഈ കൂട്ടുകെട്ട് ഡിഫണ്ടർമാർക്ക് വലിയ തലവേദന ആണ് സൃഷ്ടിക്കുന്നത്.

മെസ്സിയുടെ കളിയിലെ ഈ മാറ്റം പോളണ്ടിനെതിരെ പ്രകടം ആയിരുന്നു. കൂടാതെ കുറച്ചു കാലങ്ങളായി ഇല്ലാതിരുന്ന മെസ്സിയുടെ പന്തുമായുള്ള വലിയ റണ്ണുകളും, ഡ്രിബിളിങ്ങും ഈ കളിയിൽ കാണാൻ കഴിഞ്ഞു. ഇത് ഗോളിൽ കലാശിച്ചില്ലെങ്കിലും പലപ്പോഴും മെസ്സിയിലേക്ക് കൂടുതൽ ഡിഫണ്ടർമാർക്ക് ശ്രദ്ദിക്കേണ്ടി വരുന്നതുമൂലം മറ്റു അർജന്റീന കളിക്കാർക്ക് സ്‌പെയ്‌സ് തുറന്നുകൊടുക്കുകയും, പോളണ്ടിന്റെ ഡിഫൻസീവ് ഓർഗനൈസേഷൻ പൊളിക്കുകയും, നിർണ്ണായക മേഖലകളിൽ ഫൗളുകൾ ചെയ്യാൻ പോളണ്ട് ഡിഫണ്ടർമാരെ പ്രേരിപ്പിക്കുകയും, കളി കൂടുതലും പോളണ്ടിന്റെ പെനാൽറ്റി ബോക്സിനടുത്ത് കേന്ദ്രീകരിക്കാൻ കാരണമാവുകയും ചെയ്തു. കൂടാതെ കളത്തിന്റെ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് ഡിഫൻസീവ് ലൈനിന് മുകളിലൂടെയുള്ള ത്രൂ പാസുകൾ നിരവധി ഗോൾ അവസരങ്ങളാണ് അർജന്റീനയ്ക്ക് തുറന്നു കൊടുത്തത്. PSG-യിൽ എമ്പാപ്പെയും നെയ്മറും ഉൾപ്പെടെ നേടിയ നിരവധി ഗോളുകൾ മെസ്സിയുടെ ഇത്തരം പാസുകളിലൂടെ ആയിരുന്നു എന്നു കാണാം. പോളണ്ടിനെതിരെ ഈ പാസുകളിൽ കൂടുതലും ലഭിച്ച അക്കൂനയ്ക്ക് ഇതുപക്ഷെ ഗോൾ മുഖത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തരം പാസുകൾ വരും മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ട്.

പോളണ്ടിനെതിരെ അർജന്റീന നേടിയ രണ്ടു ഗോളുകളിലും മെസ്സിക്ക് നേരിട്ട് പങ്കുണ്ടായിരുന്നില്ല. എന്നാൽ ഈ ഗോളുകൾ സൃഷ്ടിച്ച സാഹചര്യങ്ങളിൽ മെസ്സിക്കും വലിയ പങ്കുണ്ടായിരുന്നു. ഇതുതന്നെയാണ് ഒരു പ്ലേ മേക്കറിൽ നിന്ന് ടീമുകൾ പ്രതീക്ഷിക്കുന്നതും. കൂടാതെ എപ്പോഴും മെസ്സിക്ക് പാസുനല്കി, മെസ്സിയിൽ പൂർണ്ണമായും ആശ്രയിക്കാതെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സ്വാഭാവിക കളി കളിക്കാൻ അർജന്റീനയുടെ മുന്നേറ്റ താരങ്ങൾ തയ്യാറായത് നല്ലൊരു സൂചനയാണ്. ഇത് മെസ്സിയിലുള്ള സമ്മർദ്ദം കുറയ്‌ക്കുകയും കളിയെ കൂടുതൽ സ്ട്രെച്ച് ചെയ്യുകയും ചെയ്തു. ഇതു പോളണ്ടിന് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി. സൗദിക്കെതിരേ അർജന്റീനയ്ക്ക് കഴിയാതിരുന്നതും ഇതാണ്.

സൗദിക്കെതിരായ മത്സരം ഭൂരിപക്ഷം കളിക്കാരുടെയും ആദ്യ ലോകകപ്പ് അനുഭവം ആയിരുന്നു. സൗദിക്കെതിരേയും, മെക്സിക്കോക്ക് എതിരായ ആദ്യ പകുതിയിലും ഇതിന്റെ സമ്മർദ്ദം സ്വാഭാവിക കളി പുറത്തെടുക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു എന്നുവേണം കരുതാൻ. കൂടാതെ 36 കളികളുടെ തുടർജയം വേണ്ടത്ര മാനസിക തയ്യാറെടുപ്പിനും വിഘാതമായിട്ടുണ്ടാവാം. സൗദിയുടെ ഡിഫൻസീവ് ഹൈ ലൈനും അർജന്റീനയ്ക്ക് കാര്യങ്ങൾ ദുഷ്കരമാക്കി. സമ്മർദ്ദം ഏറിയപ്പോൾ സ്വയം പിൻവലിഞ്ഞ് മെസ്സിയുടെ അത്ഭുതത്തിനായി കാത്തിരിക്കുന്ന പഴയ ശൈലിയിലേക്ക് അവർ പിൻവലിഞ്ഞു. ഇത് പരാജയത്തിനു കാരണമായി. ഇത് ഏൽപ്പിച്ച അമിതസമ്മർദ്ദം മെസ്സിയെയും പുറകോട്ടു വലിച്ചു. എന്നാൽ മെക്സിക്കോക്ക് എതിരെയുള്ള രണ്ടാം പകുതിയിൽ മെക്സിക്കോയുടെ പ്രെസ്സിങ്ങ് ഗെയിം ദുർബ്ബലം ആവുകയും, കളി ജയിച്ചേ മതിയാവൂ എന്ന അവസ്ഥ വരുകയും, മെസ്സി ബോക്സിനു പുറത്തുനിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കൂടുതൽ കോണ്ഫിഡൻസോടെയുള്ള കളി മെസ്സിയുടെ പാസിൽ എൻസോയുടെ മനോഹരമായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

പോളണ്ടിനെതിരെ ആവട്ടെ സ്‌കോളാനി കോച്ചായി വന്നതിനു ശേഷമുള്ള സ്ഥിരം കളി പുറത്തെടുക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. കൂടാതെ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് ആലിസ്റ്റർ തുടങ്ങിയവരുടെ മധ്യനിരയിലെ മികച്ച പ്രകടനവും, ഹൂലിയൻ ആൽവാരസിന്റെ മുൻനിരയിലെ ഊർജ്ജസ്വലമായ പ്രകടനവും അർജന്റീനയ്ക്ക് ശക്തി പടർന്നു.

സൗദിക്കെതിരായ പരാജയം ഇനിയുള്ള കളികളിൽ കൂടുതൽ ജാഗരൂഗരായി തയ്യാറെടുക്കാൻ അർജന്റീനയെ സഹായിക്കും. കൂടുതൽ ശക്തരായ ടീമുകൾക്ക് എതിരെ എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതും ലോകകപ്പിൽ അർജന്റീനയുടെ മുന്നേറ്റം എത്രയാകും എന്നു നിർണ്ണയിക്കും. സ്‌കലോണി കാലത്തെ പ്രധാന കളിക്കാരൻ ആയിരുന്നു ലെ സൽസോയുടെ അഭാവം മധ്യനിരയിൽ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ എല്ലാവരും സ്വാഭാവിക കളി പുറത്തെടുക്കുകയും, ടീം സ്പിരിറ്റ് ഉയർത്തുകയും ചെയ്താൽ അർജന്റീനയ്ക്ക് നല്ല പ്രതീക്ഷയ്ക്ക് വകയുണ്ട്, പ്രത്യേകിച്ച് യൂറോപ്യൻ ടീമുകൾ ഇതുവരെ വേണ്ടത്ര നിലവാരം പുലർത്താത്ത ഈ ലോകകപ്പിൽ. പിന്നെ ആസ്വദിച്ചു കളിക്കാൻ സാഹചര്യം ലഭിക്കുകയാണെങ്കിൽ മെസ്സിയോളം അപകടകാരിയായ മറ്റൊരു കളിക്കാരൻ ഇപ്പോഴും വേറേയില്ലല്ലോ.