ഖത്തർ ലോകകപ്പ് ആദ്യ റൗണ്ട് പിന്നിടുമ്പോൾ; അനൂപ് കിളിമാനൂർ എഴുതുന്നു

ലൂയി വാൻ ഗാലിന്റെ കീഴിൽ തങ്ങളുടെ പരമ്പരാഗത രീതികളിൽ നിന്ന് വിട്ട് ഒഴുക്കു കുറഞ്ഞ, പ്രതിരോധത്തിൽ ഊന്നിയ കളിയാണ് നെതർലൻഡ്സ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നതും ഈ ശൈലീ മാറ്റത്തിന് ഒരു കാരണമാവാം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടോപ് സ്‌കോറർ ആയിരുന്ന ബാഴ്‌സലോണ കളിക്കാരൻ മെംഫിസ് ഡിപായ് കുറച്ചുനാളായി പരിക്കുമൂലം കളത്തിന് പുറത്തായിരുന്നത് എന്നത് അവരുടെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ടെങ്കിലും ഉജ്ജ്വല ഫോമിൽ ഉള്ള കോഡി ഗാക്പോ ഈ കുറവ് പരിഹരിക്കുന്നുണ്ട്. 3 ഗോളുകൾ നേടി ലോകകപ്പിൽ നിലവിലെ ടോപ്പ് സ്‌കോറർ കൂടിയാണ് ഗാക്പോ. വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധ നിരയും ശക്തമാണ്. USA-യുമായുള്ള പ്രീ ക്വാർട്ടറിൽ മുൻതൂക്കം കല്പിക്കപ്പെടുന്നുണ്ട് എങ്കിലും knock out മത്സരങ്ങൾ നെതര്ലാന്ഡ്സിന് അത്ര എളുപ്പമാവില്ല.

ലിവർപൂളിന്റെ ഈ സീസണിലെ മോശം ഫോമിനു ഒരു കാരണം അവർക്ക് ചാമ്പ്യന്സ് ലീഗും പ്രീമിയർ ലീഗും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാദിയോ മാനെ ടീം വിട്ടുപോയതാണ് എന്ന് ഒരഭിപ്രായം ഉണ്ട്. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കു വഹിച്ച മാനെ പരിക്കേറ്റു ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത് സെനഗലിന് വലിയ തിരിച്ചടി ആകുമെന്ന് കരുതിയിരുന്നു. അത്രയ്ക്ക് ഉണ്ടായിരുന്നു മാനെയ്ക്ക് സെനഗൽ ഫുട്‌ബോളിലുള്ള സ്വാധീനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ ആയി കരുതപ്പെടുന്ന ക്യാപ്റ്റൻ കൂടിയായ കുലോബാലിയുടെ ഈ സീസണിലെ മോശം ഫോമും അവരെ അലട്ടിയിരുന്നു. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് മികച്ച മുന്നേറ്റം നടത്തി പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുകയാണ് സെനഗൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില ലക്ഷ്യമാക്കി കളിച്ച് പതിവുതാളം നഷ്ടമായ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് സെനഗലിന് ഇത് സാധ്യമായത്. രണ്ടു ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വെച്ചപ്പോൾ ഇക്വഡോറിന്റെ നഷ്ടം സെനഗലിന് നേട്ടമായി. പ്രീ ക്വാർട്ടറിൽ അവർ ഇംഗ്ലണ്ടിനെ നേരിടും.

നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരും ലോകകപ്പ്‌ ആതിഥേയരുമായ ഖത്തറിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ മൂന്നു മത്സരങ്ങളും തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പാവും വരുന്ന ആഴ്‌ചകളിൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം. ടൂർണമെന്റിൽ ഏഷ്യൻ, ആഫ്രിക്കൻ ടീമുകൾ നേടിയ അട്ടിമറി വിജയങ്ങൾക്ക് ഖത്തറിലെ കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഷ്യയിലേയും ആഫ്രിക്കയിലേയും മൂന്നാം ലോക രാജ്യങ്ങളിലെ ഫുട്‌ബോൾ ആരാധകർക്ക് ഏറ്റവുമധികം പങ്കെടുക്കാൻ സാധിച്ച ലോകകപ്പായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.