ക്രൊയേഷ്യയോട് സമനില, ലോക രണ്ടാം റാങ്കുകാരായ ബെൽജിയം പുറത്ത്

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ എഫ് ഗ്രൂപ്പിൽ നിന്ന് ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. മത്സരം സമനിലയിലായതോടെ ബെൽജിയം പ്രീക്വാർട്ടർ കാണാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. റാങ്കിങ്ങിൽ ലോക രണ്ടാം സ്ഥാനക്കാരാണ് ബെൽജിയം. ഗോളെന്നുറപ്പിച്ച ഒട്ടനവധി അവസരങ്ങൾ പാഴാക്കിയതാണ് ബെൽജിയത്തിന് മത്സരത്തിൽ വിനയായത്. മറു വശത്ത് ക്രൊയേഷ്യയും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

മത്സരത്തിന്റെ 15ാം മിനുറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ക്രൊയേഷ്യൻ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തി. ഇതോടെ അനുവദിച്ച പെനാൽറ്റിയും പാഴായി. മത്സരത്തിന്റെ അവസാനം വരെയും ഇരുടീമുകളും ​ഗോളടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. കളിയുടെ അവസാന നിമിഷവും ​ഗോൾ നേടാൻ ബെൽജിയത്തിന് സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ പോസ്റ്റിൽ ഇല്ലാത്ത സമയത്ത് ലുക്കാക്കുവിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾവര കടത്താൻ താരത്തിന് സാധിച്ചില്ല.