36 വർഷത്തിന് ശേഷം ലോകകപ്പ് നേടാനായി അർജന്റീന, ഇനിയുള്ള മത്സരങ്ങൾ തീ പാറും: ഒരു സെമി ഫൈനൽ അവലോകനം

ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സാധ്യത കല്പിക്കപ്പെട്ടിരുന്ന അർജന്റീനയും, ഫ്രാൻസും സെമിയിൽ എത്തി. എന്നാൽ അത്ര കിരീട പ്രതീക്ഷ ഇല്ലായിരുന്ന ക്രൊയേഷ്യയും, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മൊറോക്കോയും ആണ് സെമി ബെർത്ത് ഉറപ്പിച്ച മറ്റു രണ്ടു ടീമുകൾ. ആദ്യസെമിയിൽ അർജന്റീന ക്രോയേഷ്യയേയും രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോയെയും നേരിടും.

കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയുടെ മികച്ച പ്രകടനം തന്നെയാണ് അർജന്റീനയുടെ നട്ടെല്ല്. രാജ്യത്തിനും ക്ലബ്ബിനും കളിച്ച ടൂർണമെന്റുകളിൽ ലോകകപ്പ് ഒഴികെ ബാക്കി എല്ലാ കിരീടവും നേടിയ മെസ്സിക്ക് ലോകകപ്പ് കൂടി നേടി ‘Greatest of All Time’ പട്ടം ഉറപ്പിക്കാനുള്ള അവസാന അവസരമാണിത്. അർജന്റീന ടീമിന്റെ മാനസികമായ കരുത്തും നിശ്ചയ ദാർഢ്യവും നെതർലൻഡ്സിന് എതിരായ മത്സരത്തിന്റെ അധിക സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും ദൃശ്യമായിരുന്നു. അർജന്റീന ആധിപത്യം പുലർത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ടുഗോൾ നേടിയാണ് ഡച്ചുകാർ കളി അധിക സമയത്തേക്ക് നീട്ടിയത്. അവസാന പതിനഞ്ച് മിനുട്ടുകളിൽ ഹൈ ബോളുകൾ കളിച്ച് ഗോൾ മടക്കുക ആയിരുന്നു ഡച്ച് തന്ത്രം. അർജന്റീനയുടെ റൊമെറോയും, ഡി പോളും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതും, പ്രതിരോധ നിരയിലെ മറ്റുകളിക്കാരുടെ പൊക്കക്കുറവും ഈ നീക്കം അർജന്റീനയ്ക്ക് തിരിച്ചടിയുണ്ടാക്കി. ഇഞ്ചുറി ടൈമിന്റെ പത്താം മിനുട്ടിൽ വഴങ്ങിയ സമനില ഗോൾ മുൻ കാലങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അർജന്റീനയുടെ പരാജയത്തിലേക്ക് വഴിവെച്ചെനെ.

എന്നാൽ നിശ്ചയ ദാർഢ്യത്തോടെ കളിച്ച അർജന്റീനയുടെ യുവനിര അങ്ങനെ പരാജയം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അധിക സമയക്കളിയിൽ ആക്രമിച്ചു കളിച്ച അർജന്റീന ഗോളി എമിലിയാനോ മാർട്ടിൻസിന്റെ രണ്ടു തകർപ്പൻ സേവുകളുടെ ബലത്തിൽ ഷൂട്ടൗട്ട് വിജയത്തോടെ സെമിയിലേക്ക് മുന്നേറി. രണ്ടു ടീമുകളും പരുക്കൻ കളി പുറത്തെടുത്തപ്പോൾ റെക്കോർഡ് മഞ്ഞക്കാർഡാണ് കളിയിൽ റഫറി വീശിയത്. വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ റഫറിയെ ഫിഫ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

രണ്ടു കളികളിൽ മഞ്ഞക്കാർഡ് വാങ്ങിയ നല്ല ഫോമിലുള്ള ഫുൾ ബാക്ക് അക്കുനയ്ക്ക് സെമി ഫൈനൽ നഷ്ടമാകുന്നത് അർജന്റീനയ്ക്ക് തിരിച്ചടിയാകും. എന്നാൽ മധ്യനിരയുടെയും, കെട്ടുറപ്പുള്ള പ്രതിരോധ നിരയും, മുന്നേറ്റത്തിൽ മെസ്സിയുടെയും ഹുലിയൻ ആൽവരസിന്റെയും മികച്ച ഫോമും അർജന്റീനയ്ക്ക് കരുത്താവും. അക്കുനയ്ക്ക് പകരം ആരു കളിക്കുമെന്നും, കഴിഞ്ഞ കളി പോലെ അഞ്ചു ഡിഫണ്ടർമാരുമായി അർജന്റീന കളിക്കാൻ ഇറങ്ങുമോ എന്നും ആണിനി അറിയാനുള്ളത്. 4 പ്രതിരോധക്കാരെ അണിനിരത്തുന്നെങ്കിൽ പരിക്ക് ഭേദമായ ഡി മരിയ ആദ്യ ഇലവനിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ആണെങ്കിലും അന്നത്തെ ടീമിലെ പല കളിക്കാരും വിരമിച്ചതും, നായകൻ മോഡ്രിച്ചും പെരിസിച്ചും ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ കരിയറിന്റെ അവസാന ലാപ്പിൽ ആയതുമൂലം ക്രോയേഷ്യയ്ക്ക് വലിയ കിരീട സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നില്ല.

ആദ്യ മത്സരങ്ങളിൽ മൊറോക്കോയുമായി സമനില വഴങ്ങിയതും ഈ അഭിപ്രായങ്ങൾക്ക് സാധുത നൽകി. എന്നാൽ കാനഡയ്ക്ക് എതിരായ ആധികാരിക വിജയവും, ബെൽജിയത്തിന് എതിരായ സമനിലയും ആയി പ്രീ ക്വാർട്ടറിൽ എത്തിയ ക്രോയേഷ്യ ജപ്പാനേയും ബ്രസീലിനേയും പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പരാജയപ്പെടുത്തിയാണ് സെമിയിൽ എത്തിയത്. 2018 ലോകകപ്പിലും സമാനമായി നോക്ക് ഔട്ട് മത്സരങ്ങളിൽ തുടർച്ചയായ പെനാൽറ്റി ഷൂട്ടൗട്ടുകളിലെ വിജയത്തിന്റെ അനുഭവപരിചയവും ക്രോയേഷ്യയ്ക്ക് തുണയായി. സെമിയിൽ അർജന്റീനയ്ക്കെതിരെ ഇറങ്ങുമ്പോഴും അച്ചടക്കം നിറഞ്ഞ പ്രതിരോധത്തിലൂടെ ഷൂട്ട് ഔട്ടിലേക്ക് കളി എത്തിക്കാൻ ക്രോയേഷ്യ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല.

റയൽ മാഡ്രിഡിനുവേണ്ടി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള നായകൻ ലൂക്ക മോഡ്രിച്ച് തന്നെയാണ് 37-ആം വയസ്സിലും ക്രോയേഷ്യയുടെ കുന്തമുന. 2018 ലോകകപ്പിലെ പ്രകടനവും, ചാമ്പ്യൻസ് ലീഗ് വിജയവുമായി ആ വർഷത്തെ ബാലണ് ഡി’ ഓർ മോഡ്റിച്ച്‌ കരസ്ഥമാക്കിയിരുന്നു. ബ്രസീലുമായുള്ള ക്വാർട്ടർ ഫൈനൽ മോഡ്റിച്ചിന്റെ മാസ്റ്റർ ക്ലാസ് തന്നെ ആയിരുന്നു. സർവ്വ വ്യാപിയായി കളിച്ച മോഡ്രിച്ച് തന്റെ കൃത്യതയാർന്ന പാസുകളും, ഡിഫൻസിലും മിഡ്ഫീല്ഡിലും മാറിമാറി കയറിയിറങ്ങി കൊണ്ട് കളിയുടെ വേഗം നിയന്ത്രിച്ചു.

ആദ്യപകുതിയിൽ ബ്രസീൽ പലപ്പോഴും പാസ് കിട്ടാതെ കുഴങ്ങി. പ്രതിരോധിക്കേണ്ട സമയത്ത് ബ്രസീൽ നടത്തിയ അനാവശ്യ ആക്രമണം മുതലെടുത്ത് 116-ആം മിനുട്ടിലെ സമനില ഗോളും, ഷൂട്ടൗട്ടിലെ അട്ടിമറി വിജയവുമായി ക്രോയേഷ്യ സെമിയിലെത്തി. എക്സ്ട്രാ ടൈമിൽ മനോഹരമായ ഗോൾ നേടിയ നെയ്മറിന് പക്ഷേ ഷൂട്ടൗട്ടിൽ അഞ്ചാമതായി പെനാൽറ്റി കിക്ക് എടുക്കാൻ കഴിയുന്നതിനു മുൻപ് ബ്രസീൽ പരാജയപ്പെടുകയും ചെയ്തു. പെരിസിച്ചിന്റെയും ക്രാമറിച്ചിന്റെയും ഫോമും ക്രോയേഷ്യയ്ക്ക് ആശ്വാസമാണ്. സെമിയിൽ അർജന്റീനയ്ക്കാണ് മുൻതൂക്കം എങ്കിലും വേണമെങ്കിൽ ഷൂട്ടൗട്ട് വരെ കളിയത്തിച്ചും അട്ടിമറികളുടെ ചരിത്രം ആവർത്തിക്കാനാവും ക്രോയേഷ്യ ശ്രമിക്കുക.

കഴിഞ്ഞ ലോകകപ്പിലും, അത്ലറ്റികോ മാഡ്രിഡിലും മികച്ച കളി പുറത്തെടുത്ത അന്റോയിൻ ഗ്രീസ്മാന് പക്ഷെ ബാഴ്‌സയിലെത്തിയശേഷം കഷ്ടകാലം ആയിരുന്നു. തിരിച്ചു അത്ലറ്റികോ മാഡ്രിഡിൽ എത്തിയെങ്കിലും ഗ്രീസ്മാന് ഫോം തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഫ്രാൻസ് മാനേജർ ദിദിയർ ദേഷാമ്പിന്റെ ഗുഡ് ബുക്കിൽ ഉണ്ടായിരുന്ന ഗ്രീസ്മാന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. പരിക്കേറ്റ പോൾ പോഗ്ബയുടെ അഭാവത്തിൽ പ്ലേ മേക്കറുടെ റോളിൽ മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ച ഗ്രീസ്മാൻ മാനേജർ തനിക്കുമുകളിൽ അർപ്പിച്ച വിശ്വാസം ലോകകപ്പിൽ കാത്തുസൂക്ഷിക്കുന്നു. ക്വാർട്ടറിൽ എമ്പാപ്പയെ ഇംഗ്ലീഷ് ഫുൾ ബാക്ക് കൈൽ വാക്കർ കെട്ടിയിട്ടെങ്കിലും ഗ്രീസ്മാന് ഇംഗ്‌ളീഷ് കളിക്കാർക്ക് മറുപടി ഉണ്ടായിരുന്നില്ല. കളിയിൽ ഫ്രാൻസിന്റെ രണ്ടു ഗോളിനും വഴിയൊരുക്കിയത് ഗ്രീസ്മാനാണ്. കഴിഞ്ഞ ലോകകപ്പിൽ ഒരു ഗോൾ പോലും അടിക്കാൻ കഴിയാഞ്ഞിട്ടും മുന്നേറ്റത്തിൽ നിറഞ്ഞു കളിച്ച ജിറൂഡ് ഇത്തവണ നാലു ഗോൾ അടിച്ചപ്പോൾ ഗ്രീൻസ്മാൻ ഗോളടിക്കാതെ ഫ്രാൻസിന്റെ പ്ലേ മേക്കർ ആയി നിറഞ്ഞു കളിക്കുന്നു.

കഴിഞ്ഞ ലോകകപ്പിൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച ഫ്രാൻസ് ഇത്തവണ കുറച്ചുകൂടി ആക്രമിച്ചു കളിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ സോളിഡ് ആയി പ്രതിരോധിക്കുകയും ആവശ്യമുള്ളപ്പോൾ ആക്രമിക്കുകയും ചെയ്യുകയാണ് ചെയ്തത്. കഴിഞ്ഞ ലോകകപ്പിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഡിഫൻസീവ് മിഡ്ഫീൽഡർ എൻഗോളോ കാന്റെയുടെ അഭാവം ഫ്രാൻസിനെ ഇതുവരെ അലട്ടിയില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ആ കുറവ് എതിർടീമുകൾക്ക് മുതലെടുക്കാൻ കഴിയുമോ എന്ന് കാണേണ്ടിയിരിക്കുന്നു. പ്രീ ക്വാർട്ടറിനും ക്വാർട്ടറിനും ഇറക്കിയ അതേ ടീമിനെതന്നെ ഫ്രാൻസ് ഇറക്കുമെന്ന് കരുതുന്നു.

ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് മൊറോക്കോ സെമിഫൈനലിൽ എത്തിയത്. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയം ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് പ്രവചനങ്ങൾ തെറ്റിച്ച് ക്രോയേഷ്യയ്ക്കൊപ്പം മൊറോക്കോയും പ്രീ ക്വാർട്ടറിൽ എത്തി. നോക്കൗട്ട് റൗണ്ടുകളിൽ യൂറോപ്യൻ ശക്തികളായ സ്പെയിനിനേയും, പോർച്ചുഗലിനെയും അട്ടിമറിച്ചാണ് മൊറോക്കോ സെമിയിൽ എത്തുന്ന ആഫ്രിക്കൻ രാജ്യമായത്.

യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്ക് കളിക്കുന്ന ഹക്കിം സിയെച്ച്, അഷ്‌റഫ് ഹക്കിമി, ഗോൾ കീപ്പർ ബോണോ, എൽ നസ്രി തുടങ്ങിവരാണ് മൊറോക്കോയുടെ ശക്തി. കൃത്യമായി ഓർഗനൈസ് ചെയ്ത ഡിഫൻസും, ടൈറ്റ് സ്പേസുകളിൽ നിന്നും ചെറിയ പാസുകളിലൂടെ പുറത്തുകടക്കാനുള്ള ഒത്തിണക്കവും പന്തടക്കവും, അവസരം കിട്ടുമ്പോഴുള്ള പ്രത്യാക്രമണവുമാണ് വലിയ ടീമുകളെ മറികടക്കാനുള്ള മൊറോക്കോയുടെ ഗെയിം പ്ലാൻ. ഒരു സെല്ഫ് ഗോൾ അല്ലാതെ വേറൊരു ഗോളും ഈ ലോകകപ്പിൽ മൊറോക്കോ വഴങ്ങിയിട്ടില്ല. എന്നാൽ നിരവധി മുൻനിര കളിക്കാർ പരിക്കിനാൽ വലയുന്നത് മൊറോക്കോയ്ക്ക് തിരിച്ചടി ആവാൻ സാധ്യതയുണ്ട്.

മൊറോക്കോ കോച്ചിന്റെ മാതാവ് അദ്ദേഹം കളിച്ചിരുന്നപ്പോൾ ഒരിക്കലും അദ്ദേഹത്തിന്റെ കളി സ്റ്റേഡിയത്തിൽ പോയി കണ്ടിട്ടില്ല. എന്നാൽ മൊറോക്കയിലെ ഭരണകൂടം കൊച്ചിന്റേയും, കളിക്കാരുടെയും എല്ലാം കുടുംബങ്ങളെ മൊറോക്കോയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കാൻ തയ്യാറായി. ഇത് മനോഹരമായ ചില ദൃശ്യങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ താരതമ്യേന മോഡേണായ ജീവിതം നയിക്കുന്ന മൊറോക്കൻ താരങ്ങളെ അപ്പ്രോപ്രിയേറ്റ് ചെയ്യാനുള്ള യാഥാസ്ഥിതകരുടെ ശ്രമവും ഉണ്ടായി. മൊറോക്കൻ ഭരണകൂടം ഇസ്രായേലുമായി ബന്ധം നോർമൽ ആക്കുമ്പോഴും ഓരോ കളിക്കുശേഷവും പാലസ്തീൻ പതാകയും ഏന്തി മൊറോക്കൻ കളിക്കാർ വിജയാഹ്ലാദത്തിൽ പങ്കുചേരുന്നു.

ഈ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെ ഹോം ടീമുകൾ അർജന്റീനയും മൊറോക്കയും ആണെന്ന് പറയപ്പെടുന്നുണ്ട്. നാൽപതിനായിരത്തോളം അർജന്റീന ആരാധകരാണ് ലോകകപ്പിന് എത്തിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി അർജന്റീന ആരാധകർ ലോകകപ്പ് കാണാൻ എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള അർജന്റീന ആരാധകരുടെ മുന്നിലാണ് അവർ ഓരോ കളിയും കളിക്കുന്നത്.

ഖത്തറും, സൗദി അറേബ്യയും പുറത്തായ ശേഷം അറബ് രാജ്യങ്ങളിലെ ആരാധകരുടെ വലിയ പിന്തുണയാണ് ആഫ്രിക്കൻ-അറബ് രാജ്യമായ മൊറോക്കോയ്ക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാശ്‌ചാത്യ രാജ്യങ്ങളിലെ ആരാധകർക്ക് ഖത്തർ യാത്ര എളുപ്പമല്ലെങ്കിലും ഏഷ്യയിലേയും ആഫ്രിക്കയിലേയും നിരവധി ആരാധകർക്ക് എത്താൻ എളുപ്പമുള്ള ലോകകപ്പ് ആണിത്. പതിവിന് വിപരീതമായി യൂറോപ്പിന് പുറത്തുള്ള ടീമുകൾക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് ഇതും കാരണമാണ്.

അങ്ങേയറ്റം ത്രസിപ്പിച്ച ഗ്രൂപ്പ്, പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ നൽകിയ പ്രതീക്ഷ ഇനിയുള്ള മത്സരങ്ങൾ കാക്കുമെന്ന് കരുതുന്നു. 36 വർഷത്തിന് ശേഷം ലോകകപ്പ് നേടാനായി അർജന്റീന, അര നൂറ്റാണ്ടിനു ശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം ആവാൻ പൊരുതുന്ന ഫ്രാൻസ്,ആദ്യ ലോകകപ്പിനായി 40 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ക്രോയേഷ്യ, ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാകാൻ മൊറോക്കോ. ഇനിയുള്ള മത്സരങ്ങൾ തീ പാറുമെന്നുറപ്പ്.