ഗെറ്റ് വെൽ സൂൺ ചാമ്പ്യൻ! നിങ്ങളില്ലാത്ത ഈ ടൂർണമെന്റ് അപൂർണമാണ്

ഖത്തർ ലോകകപ്പിനിടെ ബ്രസീലിനും, ആരാധകർക്കും കനത്ത ആശങ്കയായിരിക്കുകയാണ് സൂപ്പ‍ർ താരം നെയ്‌മറുടെ പരിക്ക്. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിൻറെ ടാക്ലിംഗിലാണ് നെയ്മറുടെ കാൽക്കുഴയ്ക്ക് കാര്യമായ പരിക്കേറ്റത്. സ്വിറ്റ്‌സർലൻഡിന് എതിരായ അടുത്ത മത്സരം നെയ്‌മർക്ക് നഷ്ടമാകുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. അതിന് ശേഷമുള്ള മത്സരങ്ങളിൽ നെയ്‌മർ തിരിച്ചെത്തുമോ എന്ന് വ്യക്തമായിട്ടില്ല. എങ്കിലും ബ്രസീൽ ടീമിൻറെ കുന്തമുനയായി നെയ്‌മർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

അടുത്ത മത്സരങ്ങളിൽ നെയ്മർ ഉണ്ടാകില്ല എന്ന് കേൾക്കുന്നു. ആന്റണിയും റോഡ്രിഗോയും ഗാബ്രിയേൽ ജെസൂസും അടങ്ങുന്ന സംഘമുണ്ട് പകരമെന്നുള്ളത് കൊണ്ട് നോക്ക് ഔട്ട് ആകുമ്പോഴേയ്ക്കും വിശ്രമിച്ച് മടങ്ങി വരട്ടെ എന്ന് ആശ്വസിക്കാം വേണമെങ്കിൽ. പക്ഷേ, ബ്രസീലിന്റെ ഇതിഹാസം സോക്രട്ടീസിന്റെ വരികളാണ് ഫുട്‌ബോളിന്റെ അടിവര. വിജയമെല്ലാം രണ്ടാമത്തെ കാര്യമാണ്. കളിയുടെ സൗന്ദര്യമാണ് ഒന്നമത്തെ കാര്യം. ആനന്ദമാണ് പരമപ്രധാനം. സോവിയറ്റ് യൂണിയനുമായുള്ള ഒരു മത്സരത്തിലെ നിർണായക ഗോളിനെ കുറിച്ച് സോക്രട്ടീസ് പറഞ്ഞത്, അത് ഗോളല്ലായിരുന്നു, അവസാനിക്കാത്ത രതിമൂർച്ഛയായിരുന്നു, മറക്കാനാവാത്ത് എന്നാണ്. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്നു, തന്റെ രാഷ്ട്രീയ വിജയങ്ങൾ പ്രൊഫഷണൽ കളിക്കാരനെന്ന നിലയിലുള്ള വിജയങ്ങളേക്കാൾ പ്രധാനമാണ് എന്ന് സോക്രട്ടീസ് ആവർത്തിച്ചു. കളി അവസാനിക്കും, ജീവിതം തുടരാനുള്ളതാണ്- അതാണ് പ്രധാനം-അദ്ദേഹം പറഞ്ഞു.

നെയ്മറില്ലെങ്കിലും ബ്രസീൽ ജയിക്കുമായിരിക്കും. പക്ഷേ നെയ്മറുടെ സാന്നിധ്യം ഈ അഴകേറിയ കളിക്ക് പ്രധാനമാണ്. കാരണം ജയത്തിനേക്കാൾ പ്രധാനമായി ചിലതുണ്ട്. ചാരുതയേറിയ ആ മിന്നൽ മുന്നേറ്റങ്ങളും എതിർ കളിക്കാരുടെ വലയത്തിനുള്ളിൽ നിന്ന് പന്തിനെ അത്ഭുതശക്തിയാലെന്ന വിധം കാലിൽ കുരുക്കിയിട്ടുള്ള ദ്രുതനീക്കങ്ങളും പിന്നിലേയ്ക്കും വശങ്ങളിലേയ്ക്കും സഹകളിക്കാരുടെ മനസും കാലുമൊരുമിച്ച് എത്തുന്നിടത്തേയ്ക്ക് പന്തെത്തിച്ചുള്ള പാച്ചിലും എല്ലാം കാണാൻ കൂടിയാണ് ലോകം കാത്തിരിക്കുന്നത്.

എതിരാളികളും കളിയെഴുത്തുകാരും മാത്രമല്ല, സ്വന്തം ആരാധകർ പോലും ഇത്രയേറെ വിമർശിക്കുന്ന ഒരു റ്റീം ലോകത്ത് വേറെയുണ്ടാകില്ല. നെയ്മറുടെ വീഴ്ചകൾ മലയാളികൾക്കടക്കം പരിഹാസമാണ്. പക്ഷേ ഒൻപത് തവണ ഫൗൾ ചെയ്യപ്പെട്ട് വീഴുകയും ഈ ഫൗളുകളുടെ ഫലമായി കരിയറിലെ ഏറ്റവും നിർണായകമായ ടൂർണമെന്റിൽ പുറത്തിരിക്കേണ്ടി വരികയും ചെയ്യുമ്പോഴും ഈ നിന്ദിക്കൽ ബാക്കിയുണ്ടാകുമോ? ഉണ്ടാകും- ഫുട്‌ബോളിനെ ഇഷ്ടപ്പെടാത്ത, മതഭ്രാന്തും റേസിസവും പോലെ എതിർ ടീം വിദ്വേഷം കൊണ്ടു നടക്കുന്നവർക്ക്. അവർ പക്ഷേ ന്യൂനാൽ ന്യൂനപക്ഷമാണ്. ബഹുഭൂരിപക്ഷവും പന്തുകളിയെന്ന ആനന്ദത്തിന്റെ കാഴ്ചക്കാരും ആരാധകരുമാണ്.

ഗെറ്റ് വെൽ സൂൺ ചാമ്പ്യൻ! നിങ്ങളില്ലാത്ത ഈ ടൂർണമെന്റ് അപൂർണമാണ്.