ഖത്തര്‍ എക്‌സ്‌പോ 2023; വളണ്ടിയർമാർക്കുള്ള അപേക്ഷ ക്ഷണിച്ചു

ഖത്തര്‍ എക്‌സ്‌പോ 2023 വളണ്ടിയ‍ർമാർക്കായുള്ള അപേക്ഷ ക്ഷണിച്ചു. 179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-നാണ് ആരംഭിക്കുന്നത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

ഖത്തർ എക്സ്പോയിൽ വളണ്ടിയർമാരാകാൻ താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://www.dohaexpo2023.gov.qa/en/take-part/volunteer-programme/ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റിൽ കയറിയ ശേഷം അപേക്ഷകൻ്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പാസ് വേഡ് ജനന തീയതി, നാഷ്നാലിറ്റി, കൺട്രി റെസിഡൻസ് എന്നീ വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. 2,200 പേരെയാണ് വളണ്ടിയറിങ്ങിനായി തെരഞ്ഞെടുക്കുക.

എക്സ്പോ 2023 ദോഹ ഒരു വിജയമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമ്പൂർണ്ണ വിജയമായിരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.

വളണ്ടിയർമാരാകാൻ താൽപ്പര്യമുള്ളവർ തെരഞ്ഞെടുക്കുന്നതിൽ ചില മാനദണ്ഡങ്ങൾ ഗവണ്മെന്റ് മുന്നോട്ടു വെച്ചിട്ടുണ്ട്. അപേക്ഷകര്‍ ഖത്തറില്‍ താമസിക്കുന്നവരും നല്ല വ്യക്തിത്വം ഉള്ളവരും ആയിരിക്കണം. വിദേശത്തുള്ളവര്‍ക്കും വളണ്ടിയറിങ്ങിനായി അപേക്ഷിക്കാവുന്നതാണ്. ആറുമാസത്തേക്ക് ഖത്തറില്‍ തങ്ങാന്‍ യോഗ്യതയുള്ളവരും വിസ ലഭിക്കുന്നവരും ആയിരിക്കണം. വിസ, യാത്ര, താമസം എന്നിവ എക്സ്പോ 2023 നല്‍കുന്നില്ലെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഔദ്യോഗിക പങ്കാളികളായി നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.