ഏതാനും മണിക്കൂറുകൾ ബാക്കി, ബ്രസീൽ-സെർബിയ മത്സരം: ഹിയാസ് വെളിയങ്കോട് എഴുതുന്നു

മുൻ ലോകചാമ്പ്യന്മാരും മലയാളികളുടെ പ്രിയ ടീമുകളിൽ ഒന്നായ ബ്രസീൽ കളത്തിൽ ഇറങ്ങാൻ ഏതാനും മണിയ്ക്കൂറുകൾ മാത്രം ബാക്കി. ബ്രസീൽ-സെർബിയ മത്സരത്തെ കുറിച്ച് ഹിയാസ് വെളിയങ്കോട് എഴുതിയ ഫേസ്ബുക് കുറിപ്പ്.

അർജന്റീന , ജർമനി എന്നിവരുടെ പരാജയങ്ങൾ വലിയ ടീമുകളെ അല്പം അസ്വസ്ഥമാക്കുക മാത്രമല്ല ഇവർക്കെതിരെ കളിക്കുന്ന ടീമുകൾക്ക് ലോകകപ്പിൽ എന്തും നടപ്പിലാക്കാം എന്ന പ്രചോദനം കൂടിയായിട്ടുണ്ട്.

ബ്രസീൽ

അറ്റാക്കിങ് കളിക്കാർ ഇഷ്ടം പോലെയുണ്ട്. നെയ്മർ , റിച്ചാലിസൻ , വിനീഷ്യസ് , ആന്റണി , റഫീഞ്ഞ , റോഡ്രിഗോ , ജീസസ് , മാര്ടിനെല്ലി തുടങ്ങിയവർ. ആരെയൊക്കെ ടിറ്റെ തിരഞ്ഞെടുക്കും എന്ന് കാണാം. ആഴ്‌സണലിനായി തകർത്തു കളിക്കുന്ന മാർട്ടിനെല്ലിയെ നിർബന്ധമായും കളിപ്പിക്കുമായിരിക്കണം. ഗോളടിക്കുകയും ചാൻസുകൾ ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്ന മാർട്ടിനെല്ലിക്ക് പൊസിഷനിൽ നിൽക്കുമ്പോൾ അധികം ലേറ്റാക്കാതെ നെയ്മറും സംഘവും പന്ത് കൈമാറുമെന്ന് വിശ്വസിക്കുന്നു. ഒരേ ക്ലബ്ബിൽ കളിക്കുന്ന ജീസസ് നെ സബ് ആയെങ്കിലും ഇറക്കി ടെസ്റ്റ് ചെയ്തു നോക്കുമെന്നും കരുതുന്നു. സിൽവക്കും മാർകീനിയോസിനുമൊപ്പം അലക്സ് സാൻഡ്രോ – ഡാനിലോ എന്നീ യുവന്റസിൽ ഒരുമിച്ചു കളിക്കുന്നവരെ കളിപ്പിക്കുമോ അതോ ആൽവേസ് ന്റെ പരിചയം ഉപയോഗിക്കുമോ എന്നും കാണാം. ഫ്രെഡ് / പക്വറ്റ – കാസമിറോ എന്നിവരുടെ ഒന്നോ രണ്ടോ ഭംഗിയുള്ള ടാക്കിളുകൾ പോരാ മുഴുവൻ സമയവും പണിയെടുക്കേണ്ടിവരും. ക്ളോപ്പ് മിനുക്കിയെടുത്തു കൊണ്ടുവന്ന ഫാബീഞ്ഞോ നല്ലൊരു ഓപ്‌ഷനാണ് , ലിവർപൂളിൽ മേജർ ട്രോഫി ഫൈറ്റിംഗ് സ്പിരിറ്റ് കാണിക്കുന്ന ആലിസൺ ബക്കർ നെയാണ് ആരാധകർ വലക്കു മുന്നിൽ കാണാനാഗ്രഹിക്കുന്നത് . ടിറ്റെക്ക് അദ്ദേഹത്തിന്റേതായ ചോയ്സുകളുണ്ട് , ലിസ്റ് ലൈനപ്പ് വന്നാലേ അറിയൂ.

സെർബിയ
എതിരാളികളെ പഠിച്ചു അല്പം ഹോം വർക്കുമായി കളിക്കുന്ന യൂറോപ്യൻ ടീമാണ് സെർബിയ. അത്യാവശ്യം വമ്പന്മാരോട് പടപൊരുതിയാണ് ലോകകപ്പ് ടിക്കറ്റ് ഒപ്പിച്ചെടുത്തിട്ടുള്ളത്. എത്ര മാർക്ക് ചെയ്താലും ഒതുക്കാൻ പറ്റാത്ത ഫിസിക്കലി ശക്തനായ സ്‌ട്രൈക്കർ അലക്സാണ്ടർ മിട്രോവിക്കിനെ പിടിച്ചുകെട്ടാൻ പ്രീമിയർ ലീഗിലെ ഡിഫന്ഡര്മാർ വെള്ളം കുടിക്കുന്നത് കണ്ടതാണ്. കൂടെ യുവന്റസ് പ്ലെയർ വ്ലാഹോവിക് , അയാക്സിന്റെ ടാഡിക് എന്നിവരും കാണും. ഡിഫൻസ് പണികൾ കോച്ച് ഡ്രഗൺ സ്റ്റോകോവിക് തയ്യാറാക്കിയിട്ടുണ്ടാകും. ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ ഹൃദയഭാഗം കളിക്കുന്ന ‘സെർഗേജ് മിലിൻകോവിക് സാവിക്’ എന്ന മിഡ്ഫീൽഡ് കളിക്കാരനെ കളി കാണുന്നവർ ശ്രദ്ധിക്കാൻ മറക്കരുത്. പന്ത് ഹോൾഡ് ചെയ്യാനും, മുന്നേറാനും , മുന്നിലുള്ള കളിക്കാരുടെ പൊസിഷനുകൾ റീഡ് ചെയ്യാനും കഴിവുള്ള കളിക്കാരനാണ്. കസമിറോ – ഫ്രെഡ്/ പക്വേറ്റ രണ്ടു പേരും ചേർന്ന് ഒന്ന് ശ്രദ്ധിച്ചാൽ കുറെ മുന്നേറ്റങ്ങൾ ഒതുക്കാനാകും.

ശ്രദ്ധിച്ചില്ലെങ്കിൽ സമനിലയോ വേറൊരു ഖത്തർ അപ്‌സെറ്റോ കാണേണ്ടിവരും. ബ്രസീലിനു ജയിക്കാവുന്ന കളിയാണ്. ഈ യൂറോപ്യൻ എതിരാളികളെ കടന്നാൽ ബ്രസീലിന് ആത്മവിശ്വാസം കൂടുമെന്നുറപ്പാണ്.

ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം