ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം നടത്താനൊരുങ്ങി കേരള പ്രവാസി ക്ഷേമ ബോർഡ്. പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം സഘടിപ്പിക്കുന്നത്. ഈ മാസം 21 ന് തുടങ്ങിയ മത്സരം അടുത്ത മാസം 10 വരെയുള്ള 21 ദിവസങ്ങളിലാണ് നടക്കുന്നത്. ലോകഫോട്ടോഗ്രഫി ദിനത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. ആകർഷമായ സമ്മാനമാണ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയിക്ക് ലഭിക്കുക. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രവാസി ക്ഷേമ ബോർഡ് ഓൺലൈനായി സർട്ടിഫിക്കറ്റും നൽകും.
താഴെപ്പറയുന്നവയാണ് നിയമാവലികൾ:
ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെയാണ് മത്സരം. ഒരു മത്സരാർഥിക്ക് ഒരു ഫോട്ടോഗ്രാഫ് മാത്രമേ സബ്മിറ്റ് ചെയ്യാൻ ആകുകയുള്ളു.
വിജയികൾക്ക് ഒന്നാം സമ്മാനം: 25000 രൂപ, രണ്ടാം സമ്മാനം: 15000 രൂപ, മൂന്നാം സമ്മാനം: 10000 രൂപ. സ്വയം പകർത്തിയ ഫോട്ടോകൾ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്.
ഫോട്ടോഗ്രാഫുകൾ സ്വയം പകർത്തിയതാണെന്നും മത്സരത്തിന്റെ എല്ലാ നിയമാവലികളും അംഗീകരിക്കുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം എൻട്രിയുടെ കൂടെ അയക്കേണ്ടതാണ്. സാക്ഷ്യപത്രം ഇല്ലാത്ത എൻട്രികൾ മത്സരത്തിൽ പരിഗണിക്കുന്നതല്ല. മത്സരാർത്ഥി അയക്കുന്ന ഫോട്ടോമേലുള്ള കോപ്പിറൈറ്റ് ആക്ട് സ്‌ട്രൈക്ക് വന്നാൽ കേരള പ്രവാസി ക്ഷേമ ബോർഡിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
2022 ജനുവരി 1ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം മത്സരത്തിന് അപേക്ഷിക്കേണ്ടത്.
മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പ്രവാസി കേരളീയരോ, നിയമാവലി (5)നു വിധേയമായി പ്രവാസജീവിതത്തിൽനിന്ന് കേരളത്തിലേക്ക് തിരികെ വന്നവരോ ആയിരിക്കണം. ഫോട്ടോഗ്രാഫുകൾ JPEG ഫോർമാറ്റിൽ ആയിരിക്കണം.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ അനുവദനീയമാണ്.
എഡിറ്റ് ചെയ്ത ഫോട്ടോഗ്രാഫുകൾ അനുവദനീയമല്ല.
ഫോട്ടോഗ്രാഫിൽ വാട്ടർമാർക്ക്, ബോർഡർ, ഒപ്പ് എന്നിവ അനുവദനീയമല്ല.
ലഭിക്കുന്ന എല്ലാ ഫോട്ടോകളുടെ ഉടമസ്ഥാവകാശം കേരള പ്രവാസി ക്ഷേമ ബോർഡിൽ നിക്ഷിപ്തമായിരിക്കും. വിജയികളെ കണ്ടെത്തുന്നതിന് കേരള പ്രവാസി ക്ഷേമ ബോർഡ് ഒരു ജൂറിയെ തീരുമാനിക്കും. മത്സരവുമായി ബന്ധപ്പെട്ട് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയിയെ ഓഗസ്റ്റ് 19നു പ്രഖ്യാപിക്കും.എൻട്രികൾ അയക്കേണ്ട മെയിൽ വിലാസം : kpwbmediacell@gmail.com.ക്യാമറ സ്‌പെസിഫിക്കേഷൻസ്, ലെൻസ് ഡീറ്റെയിൽസ്, EXIF ഡാറ്റാ എന്നിവ ആവശ്യപ്പെട്ടാൽ നൽകണം. മത്സരവുമായി ബന്ധപ്പെട്ട് കേരള പ്രവാസി ക്ഷേമ ബോർഡ് ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.