വീണ്ടും പുതുചരിത്രം രചിച്ചു സൗദി വനിതകൾ; കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ സ്ത്രീസാന്നിധ്യം

എല്ലാ വർഷവും, മുഹറം 1, ഇസ്ലാമിക പുതുവർഷത്തിൻ്റെ വരവോടെ, മക്കയിലെ കഅബയിൽ സവിശേഷവും പ്രതീകാത്മകവുമായ നടക്കുന്ന ചടങ്ങ് ആണ് കിസ്‌വ മാറ്റിവയ്ക്കൽ. പഴയ കിസ്‌വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്. എന്നാൽ ഇത്തവണത്തെ കിസ്‌വ മാറ്റി വെക്കൽ ചടങ്ങ് ശ്രദ്ധേയമാകുന്നത് ചടങ്ങിലെ വനിതകളുടെ സാന്നിത്യം ആണ്. സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സൗദി വനിതകളാണ് കിസ്‌വ മാറ്റ ചടങ്ങിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌കുകൾ അറിയിച്ചു.

നിരവധി വനിതാ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കിസ്‌വയുടെ ഭാഗങ്ങൾ ചുമന്ന് തൊഴിലാളികൾക്ക് കൈമാറി, തുടർന്ന് അവരെ ഗ്രാൻഡ് മോസ്‌കിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റി. കിസ്‌വമാറ്റ ചടങ്ങിന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളിലും കിസ്‌വ ബന്ധിക്കാനുള്ള സ്വര്‍ണ വളയങ്ങളിലും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും വളയങ്ങളില്‍ വീണ്ടും സ്വര്‍ണംപൂശി മിനിക്കുകയും ചെയതു. കിസ്‌വ ബന്ധിക്കുന്ന 54 സ്വര്‍ണ വളയങ്ങളാണ് വിശുദ്ധ കഅ്ബാലയത്തിലുള്ളത്. സ്വര്‍ണ വളയങ്ങള്‍ സ്ഥാപിച്ച കഅ്ബാലയത്തിന്റെ അടിഭാഗത്തെ ഇടഭിത്തിലെ മാര്‍ബിളുകള്‍ പരിശോധിച്ച് കേടുപാടുകളില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ കഅബ കിസ്‌വയ്‌ക്കായി കിംഗ് അബ്ദുൾ അസീസ് കോംപ്ലക്‌സിൽ നിന്നുള്ള 159 കരകൗശല വിദഗ്ധരുടെ സംഘമാണ് കിസ്‌വ മാറ്റിയത്. 1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കി‍സ്‍വയാണ് പുതപ്പിച്ചത്. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നായിരിന്നു ചടങ്ങ് പൂർത്തിയാക്കിത്. 200 തൊഴിലാളികൾ ചേർന്ന് 10 മാസം കൊണ്ടാണ് കി‍സ്‍വയുടെ നിർമ്മാണം പൂർത്തീകരിച്ചത്.