‘ജാഗ്രത, ഓറഞ്ച് അലേർട്ട്’; യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത

യുഎഇയില്‍ ചില സ്ഥലങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ച അറിയിപ്പം പ്രകാരം ഇന്ന് പല പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പ്രത്യേകിച്ച് രാജ്യത്തിന്‍റെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ പകല്‍സമയം മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. അബുദാബിയുടെ ചില പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അതി തീവ്ര മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് വൈകിട്ട് നാല് മണി വരെ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആയേക്കാം. ഇത് പൊടി വ്യാപിക്കാനും കാരണമാകും. രാജ്യത്ത് ഇന്ന് പരമാവധി ഉയര്‍ന്ന താപനില 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കുറഞ്ഞ താപനില 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ.

കഴിഞ്ഞ ദിവസങ്ങളിൽ നിൽക്കാതെ പെയ്ത മഴയാണ് പല നഗരങ്ങളിലും ലഭിച്ചത്. അതുകൊണ്ട് തന്നെ മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ദുബായിലെ പ്രധാന താമസ കേന്ദ്രങ്ങളായ ഷാർജ, മുഹെെസിന, അബൂഷഹാറ എന്നിവിടങ്ങളിൽ എല്ലാം വെള്ളം പൊങ്ങി. മഴ ശക്തമായത് കാരണം ദുബായ് ഷാർജ ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ റദ്ദാക്കി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് കഴിഞ്ഞ ദിവസം മഴ പെയ്തത്. രാജ്യത്തിന്റെ മലയോര മേഖലയിലും മഴ ശക്തമായി. ഷാർജ, അൽഐൻ തുടങ്ങി സ്ഥലങ്ങളിൽ എല്ലാം ടണൽ റോഡുകൾ അടച്ചു. കൂടാതെ അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ എമിരേറ്റുകളിലെ ബീച്ചുകൾ, പാർക്കുകൾ എല്ലാം അടച്ചു. ഗ്ലോബൽ വില്ലേജിനും അവധി നൽകിയിരിക്കുകയാണ്.