സുഡാനിലെയും ദക്ഷിണ സുഡാനിലെയും മാനുഷിക ശ്രമങ്ങള്‍ക്ക് പിന്തുണയായി യു എ ഇ ഏഴ് മില്യണ്‍ യു എസ് ഡോളര്‍ നല്‍കും. ഇതിന്നായി യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടുമായി (യുനിസെഫ്) യു എ ഇ വിദേശകാര്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. ഈ പ്രദേശത്തെ കടുത്ത മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കരാര്‍.
സുഡാനിലെ സംഘര്‍ഷം കുട്ടികളെ ബാധിക്കുന്ന വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഏകദേശം 13.6 ദശലക്ഷം കുട്ടികള്‍ക്ക് അടിയന്തര സഹായം ആവശ്യമാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ പലായനം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രാഥമികാരോഗ്യ സംരക്ഷണം, മതിയായ ഗുണനിലവാരമുള്ള വെള്ളം, പ്രാഥമിക പഠന പരിപാടികള്‍ ഉള്‍പ്പെടെ ഔപചാരികവും അനൗപചാരികവുമായ മാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാനുള്ള യുനിസെഫിന്റെ ശ്രമങ്ങളെ യു എ ഇ സംഭാവന പിന്തുണ നല്‍കുമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്്‌റാഹിം അല്‍ ഹാശിമി പറഞ്ഞു.