വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്താൻ പുതിയ സംവിധാനവുമായി അബുദാബി. ലേസര്‍ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കടുത്ത പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഈ നവീന സാങ്കേതികവിദ്യ വാഹനത്തില്‍ നിന്ന് പുറന്തള്ളുന്ന മലിനീകരണത്തിന്‍റെ അളവ് കണ്ടെത്താൻ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് അബൂദാബി പരിസ്ഥിതി ഏജൻസി വാർത്ത കുറിപ്പിൽ അറിയിച്ചു.
4എര്‍ത് ഇന്‍റലിജൻസ് കണ്ടസള്‍ട്ടൻസി എല്‍എല്‍സി,യുഎസ് കമ്പനിയായ ഹാഗര്‍ എൻവിയോൺമെന്‍റല്‍ ആന്‍റ് അറ്റ്മോസ്ഫെറിക് ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹീറ്റിന്‍റെ ‘എമിഷൻസ് ഡിറ്റക്ഷൻ ആന്‍റ് റിപ്പോര്‍ട്ടിംഗ്’ എന്ന റിമോട്ട് സെൻസിംഗ് സംവിധാനമാണ് റോഡുകളിലെ മലിനീകരണ അളവ് കണ്ടെത്തുക. അബൂദാബിയിലെ ആറിടങ്ങളിലായാണ് മൂന്നാഴ്ചക്കാലത്തേക്ക് ഈ സംവിധാനം പരീക്ഷിക്കുക. വാഹനത്തിന്‍റെ പുകക്കുഴലിലൂടെ പുറന്തള്ളുന്ന മലിനീകരണത്തിന്‍റെ തോത് അളക്കുന്നത് കൂടാതെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വാഹനം ഏത് മോഡലാണ്, ഏത് ഇന്ധനമാണ് ഇതില്‍ നിറയ്ക്കുന്നത്, വാഹനത്തിന്‍റെ ഭാരം, മലിനീകരണ നിലവാരം തുടങ്ങിയ കാര്യങ്ങളും സംവിധാനം ശേഖരിക്കും. കൂടുതല്‍ മലിനീകരണം നടത്തുന്ന വാഹനങ്ങളും അവയുടെ സാങ്കേതികവിദ്യയും തിരിച്ചറിയുന്നതിനും ഭാവി നയങ്ങള്‍ രൂപപ്പെടുത്തിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ് പദ്ധതി. ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.