യു എ ഇ യുടെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ വൈവിധ്യവും വിപുലവുമായി ആഘോഷിക്കാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE). 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം അടയാളപ്പെടുത്തുന്നതിനും അവിസ്മരണീയമായ ഓർമ്മകൾ ഒരുക്കുന്നതിനും ഡിസംബർ 2ന് തുടങ്ങി 11 വരെയാണ് ആഘോഷ പരിപാടികൾ.
വിവിധ എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിൻറെ വാർഷികമാണ് ദേശീയ ദിനം. അമ്പത്തി ഒന്നാമത് ദേശീയദിനം വർണാഭമാക്കാൻ ഏഴ് എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് പുരോഗമിക്കുന്നത്. ദേശീയദിനം പ്രമാണിച്ച് യു.എ.ഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്ന് മുതൽ നിലവിൽ വന്നു. ഇനി ഞായാറാഴ്ച വാരാന്ത്യം പിന്നിട്ട് തിങ്കളാഴ്ച മാത്രമേ സ്ഥാപനങ്ങൾ പലതും സജീവമാവുകയുള്ളൂ.
പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ദുബായ് ദുബായ് സമ്മർ സർപ്രൈസിന്റെ മോദേഷും, ദാനയും സന്ദർശനത്തിന് എത്തുന്നവർക്കൊപ്പം അണിചേരും. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദ്ദിഫ്, സിറ്റി വാക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഗേറ്റ് അവന്യൂ, ഇബ്ൻ ബത്തൂത്ത മാൾ, സിറ്റി സെന്റർ ദൈര എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലാണ് മോദേഷും, ദാനയും എത്തിച്ചേരുന്നത്. സംഗീത പരിപാടികൾ, കരിമരുന്നു പ്രയോഗങ്ങൾ, ലേസർ ഷോ, വൻവില കുറവിൽ സാധനങ്ങളുടെ ഓഫർ, ഭക്ഷണമേളകൾ, കലാകായിക വിനോദങ്ങൾ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ ആസ്വദിക്കാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
അതെ സമയം യുഎഇയുടെ അനുസ്മരണ ദേശീയ ദിനങ്ങളിൽ രാജ്യത്തിന് ആദരവ് അർപ്പിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഒരു രാജ്യത്തിൻറെ ഹൃദയം അവിടത്തെ ജനങ്ങളാണ്. സിവിൽ, മിലിട്ടറി, മാനുഷിക സേവന മേഖലകളിൽ യുഎഇയിലും വിദേശത്തും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ആദരവോടെ ഓർമ്മിക്കുന്നു. രാജ്യ പുരോഗതിയുടെ ദൗത്യത്തിൽ തങ്ങളെ പ്രചോദിപ്പിക്കുന്ന യുഎഇയുടെ ഭരണനേതൃത്വത്തിന് ആദരവ് അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവാസി സമൂഹവും യു എ ഇ ദേശീയ ദിനത്തിന് ആശംസകളുമായി സജീവമാണ്.