സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തെ പൊതുമാപ്പുമായി യുഎഇ; വിസ ലംഘകര്‍ക്ക് പിഴ ഒഴിവാക്കി നല്‍കും

യുഎഇയിൽ താമസവിസ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു. നിയമലംഘകർക്ക് പിഴ ഒഴിവാക്കുന്നതിനായി രണ്ട് മാസത്തെ സമയമാണ് നൽകുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. ഈ ഗ്രേസ് പിരീഡില്‍ വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമം ലംഘിച്ചതു കാരണം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിഴകള്‍ ഉള്ളവര്‍ക്ക് അതില്‍ നിന്ന് അവരെ ഒഴിവാക്കും. പിഴയും നിയമപരമായ മറ്റു നടപടിക്രമങ്ങളും ഒഴിവാക്കുന്നതോടൊപ്പം നിയമലംഘകരെ ഒന്നുകില്‍ അവരുടെ നില ക്രമീകരിച്ച് രാജ്യത്ത് തുടരാനോ അല്ലെങ്കില്‍ പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാനോ അനുവദിക്കും.

യു എ ഇ സര്‍ക്കാര്‍ പിന്തുടരുന്ന അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമെന്ന നിലയിലാണ് നിയമലംഘകര്‍ക്ക് അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പുതിയ അവസരം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) പ്രസ്താവനയില്‍ പറഞ്ഞു. പൊതുമാപ്പിന് അപേക്ഷിക്കുന്നതിനായുള്ള അപേക്ഷ ഫോം സെപ്റ്റംബർ ഒന്ന് മുതൽ ടൈപ്പിങ് സെൻ്ററുകളിൽ നിന്ന് ലഭ്യമാകും.

നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കേസുകൾ ഉള്ളയാളുകൾ രണ്ട് മാസത്തെ ഗ്രേസ് പിരീഡിനുള്ളിനുള്ളിൽ തീർപ്പാക്കണം.