കിളിമഞ്ചാരോ പർവ്വതം കീഴടക്കി എമിറാത്തി വനിതകൾ

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതം കീഴടക്കി എമിറാത്തി വനിതകൾ. എമിറാത്തി വനിതാ ദിനത്തിന്റെ ഭാ​ഗമായി മജാലിസ് അബുദാബി സംഘടിപ്പിച്ച സാഹസിക യാത്രയിലാണ് പത്ത് എമിറാത്തി വനിതകൾ പർവ്വതാരോഹണം നടത്തിയത്.ആറ് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊടുമുടിയിൽ എത്തിയ സ്ത്രീകൾ യുഎഇ പതാക ഉയർത്തി.

വടക്കുകിഴക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന, സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിൽ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കിളിമഞ്ചാരോ പർവ്വതം. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം.

ഒരുമിച്ചുള്ള പ്രവർത്തനം, നിശ്ചയദാർഢ്യം, ലക്ഷ്യങ്ങൾ നേടുന്നതിനുള്ള നിർഭയത്വം തുടങ്ങിയ മൂല്യങ്ങൾ സ്ത്രീകൾക്കിടയിൽ പ്രചരിപ്പിക്കാനുമായിരുന്നു പരിപാടി. ഈ വർഷത്തെ എമിറാത്തി വനിതാ ദിനത്തിന്റെ ആശയം “പ്രചോദിപ്പിക്കുന്ന യാഥാർത്ഥ്യം, സുസ്ഥിര ഭാവി” എന്നതാണ്. സ്ത്രീ ശാക്തീകരണത്തിലും ലിംഗസമത്വത്തിലും രാജ്യം കൈവരിച്ച പുരോഗതി ആഘോഷിക്കുന്നതിനായി എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്.