ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന 17 ഇന്ത്യാക്കാരിലെ ഏക വനിതയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ആന്‍ ടെസയെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് കപ്പലിലെത്തിയത്.

ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. . ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. ‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും സംയോജിത ശ്രമങ്ങളിലൂടെ ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌” യെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.