കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമായ എയര്‍ ബബ്ള്‍ ഇന്ന് അവസാനിക്കുന്നതോടെ ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാനയാത്ര കൂടുതല്‍ അനായാസമാകുന്നു. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചോടെയാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കി നിയന്ത്രണങ്ങളോടെ ഈ കാലയളവില്‍ വിമാന സര്‍വിസ് നടത്തിയിരുന്നു. ഇതുമൂലം നിശ്ചിത എണ്ണം വിമാനങ്ങള്‍ മാത്രമായിരുന്നു സര്‍വിസ് നടത്തിയിരുന്നത്.
തിങ്കളാഴ്ച യാത്രാവിലക്ക് പൂര്‍ണമായും നീങ്ങുന്നതോടെയാണ് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത്. ഇതോടെ വിമാനനിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഖത്തര്‍ എയര്‍വേസ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, വിസ്താര വിമാനങ്ങളാണ് എയര്‍ബബ്‌ളില്‍ ഖത്തറിനും ഇന്ത്യക്കുമിടയില്‍ കോവിഡ് കാലത്ത് സര്‍വിസ് നടത്തിയത്. ബബ്ള്‍ കരാര്‍ ഒഴിവാകുന്നതോടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഖത്തര്‍ എയര്‍വേസ് സര്‍വിസുകളാണ് കൂടുതലായും വര്‍ധിക്കുന്നത്. അതേസമയം, ഷെഡ്യൂള്‍ഡ് സര്‍വിസിന് നിലവില്‍ അനുമതിയില്ലാത്ത വിസ്താരക്ക് എയര്‍ ബബ്ള്‍ കരാര്‍ അവസാനിക്കുന്നതോടെ, പതിവ് സര്‍വിസ് അനുമതിക്കായി കാത്തിരിക്കേണ്ടി വരും.