സൗദി അറേബ്യയിലും കുവൈറ്റിലും ചൂടുയരുമെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍. 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുളള സാധ്യതയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം.
കുവൈറ്റില്‍ അബ്ധാലിയിലും കുവൈറ്റ് സിറ്റിയിലും ജല് അലിയാഹിലും വഫ്രയിലും നുവൈസിബിലും 49 മുതല്‍ 50 വരെ താപനില ഉയരും. ജഹ്‌റയിലും സാല്‍മിയയിലാവും ഉയര്‍ന്ന താപനില 51 ഡിഗ്രി സെല്‍ഷ്യസാവുമെന്നാണ് പ്രവചനം. സാല്‍മിയ, അഹമ്മദി പ്രദേശങ്ങളില്‍ 35 മുതല്‍ 40 വരെയാവും താപനില അനുഭവപ്പെടുക. ഇറാനിലെ സാഗ്രോസ് പര്‍വതനിരകള്‍ കുവൈറ്റിലേക്കും നിരവധി രാജ്യങ്ങളിലേക്കും തണുത്ത കാറ്റ് വരുന്നതിനെ തടയുന്നതാണ് ചൂടുയരാൻ കാരണമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞന്‍ അഡെല്‍ അല്‍-സദൂന്‍ പറഞ്ഞു. അല്‍ ജഹ്റ ഗവര്‍ണറേറ്റില്‍ രേഖപ്പെടുത്തിയ 52.7 ഡിഗ്രി സെല്‍ഷ്യസാണ് കുവൈറ്റിലെ ഉയര്‍ന്ന താപനില.
കഴിഞ്ഞ ദിവസം യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അല്‍ ഐനില്‍ രേഖപ്പെടുത്തിയ 51.8 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. യു എ ഇ അടക്കമുള്ള രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12-നും മൂന്ന് മണിക്കുമിടയിൽ പുറത്ത് പോകുന്നവർ ശ്രദ്ധിക്കണമെന്നും, ഈ സമയത്ത് ഒരു മണിക്കൂറിലധികം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗവണ്മെന്റ് നിർദേശം ഉണ്ട്.