പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലോകത്തിന്റെ ഏത് കോണിൽപ്പോയി പഠിച്ചും ഉന്നത തലത്തിലുള്ള വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന ഒരുക്കുന്നുണ്ട്. അതിനായി വിദേശ പഠന ധനസഹായ പദ്ധതി വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ വർഷം മാത്രം ഈ പദ്ധതിപ്രകാരം 57 ഗുണഭോക്താക്കൾക്കായി ₹7.94 കോടി വകുപ്പ് ചിലവഴിച്ചിട്ടുണ്ട്.
ബിരുദതലത്തിൽ കുറഞ്ഞത് 55% മാർക്ക് ലഭിച്ച പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ₹12 ലക്ഷത്തിന് താഴെയുള്ളവർക്ക് മുഴുവൻ തുകയ്ക്കുള്ള ആനുകൂല്യത്തിനും അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേഷൻ മുതൽ മുകളിലേക്കുള്ള കോഴ്സുകൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ലോകത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തുന്ന TIMES റാങ്കിംഗിൽ ഒന്ന് മുതൽ അഞ്ഞൂറ് വരെയുള്ള സർവ്വകലാശാലയുടെയോ സ്ഥാപനത്തിന്റെയോ ഓഫറിംഗ് ലറ്റർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.
educationa2018@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് പേര് വിവരങ്ങൾ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠന ധനസഹായ പദ്ധതിക്കുള്ള അപേക്ഷ ഫോം ലഭ്യമാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ല പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.