‘തവക്കല്‍ന’ സൗദിയ്ക്ക് അഭിമാനമായി; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

സൗദിയുടെ ‘തവക്കല്‍ന’ ആപ്പ് രാജ്യത്തിന് അഭിമാനമായി മാറി. കൊവിഡ് പ്രതിരോധ രംഗത്തെ മികച്ച സേവനം ഒരുക്കിയതിലൂടെയാണ് സൗദി അറേബ്യയുടെ തവക്കല്‍നയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. സൗദി പ്രസ് ഏജൻസി ആണ് ഈ വാർത്ത ആദ്യം (എസ്പിഎ) റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടും രോഗം വ്യാപിക്കുമ്പോള്‍ രാജ്യത്തിനകത്തുള്ള സുരക്ഷ ഉറപ്പാക്കാനായി ഇലക്ട്രോണിക് സാധ്യതകളിലൂടെ അധികൃതരും ഉദ്യോഗസ്ഥരും വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷന്‍. കര്‍ഫ്യൂ സമയത്ത് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വ്യക്തികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നിര്‍ണയിക്കുന്നതിനായി രൂപപ്പെടുത്തിയ സംവിധാനമാണിത്. ഭരണതലത്തിലെ മേല്‍നോട്ടവും പിന്തുണയുമാണ് അംഗീകാരത്തിന് കാരണമെന്ന് സൗദി ഡേറ്റ ആന്‍ഡ് എഐ ( SDAIA) അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിന്‍ ഷറഫ് അല്‍ ഗാമിദി പറഞ്ഞു. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാര്‍ഷിക ഫോറത്തില്‍ നടത്തിയ ചടങ്ങിലാണ് ആപ്ലിക്കേഷന് അംഗീകാരം നൽകിയത്.

COVID-19 നെ നേരിടാൻ സർക്കാരിനെ സഹായിക്കുന്നതിന് SDAIA ആണ് തവക്കൽന ആരംഭിച്ചത്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെയാണ് എസ്ഡിഎഐഎയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അല്‍ ഗാമിദി പ്രസ്താവിച്ചു.

കോവിഡ് കേസുകളുടെ മൂർദ്ധന്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വ്യക്തികൾക്കും കർഫ്യൂ സമയത്ത് ഇലക്ട്രോണിക് പെർമിറ്റുകൾ അനുവദിക്കുന്ന ആപ്ലിക്കേഷൻ നിയന്ത്രിച്ചത് തവൽക്കൽന ആപ് വഴിയായിരുന്നു. ഇത് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചു.ഹെൽത്ത് പാസ്‌പോർട്ട് വെരിഫിക്കേഷൻ, കോവിഡ്-19 ടെസ്റ്റ്, വാക്‌സിൻ സേവനങ്ങൾ,മെഡിക്കൽ ട്രാവൽ. തുടങ്ങിയ പാൻഡെമിക്കുമായി ബന്ധപ്പെട്ട സേവനങ്ങൾ തവക്കൽന പിന്നീട് ആപ്ലിക്കേഷനിൽ കൂട്ടിചേർത്തു. സൗദി അറേബ്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ വശങ്ങളും സുഗമമാക്കുന്ന വിവിധ ഇ-സേവനങ്ങൾ നൽകുന്ന സുരക്ഷിത ഡിജിറ്റൽ പ്രവർത്തനക്ഷമമായ ആപ്ലിക്കേഷനായ തവക്കൽന സേവനങ്ങൾ SDAIA അടുത്തിടെ ആരംഭിച്ചു.