ആരോഗ്യ സുരക്ഷാ സൂചികയിൽ അറബ് ലോകത്ത് ഖത്തറും സൗദി അറേബ്യയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ

2021 ലെ ആരോഗ്യ സുരക്ഷാ സൂചികയിൽ അറബ് ലോകത്ത് മുന്നേറി ഖത്തറും സൗദി അറേബ്യയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഖത്തർ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും സഊദി അറേബ്യ രണ്ടാം സ്ഥാനത്തുമെത്തി. 100 ൽ 48.7 പോയിന്റുമായി ആഗോളതലത്തിൽ ഖത്തർ 49-ാം സ്ഥാനത്തും 44.9 പോയിന്റുമായി സഊദി അറേബ്യ 61-ാം സ്ഥാനത്തും 44.6 പോയിന്റുമായി മറ്റൊരു അറബ് രാജ്യമായ ജോർദാൻ ആഗോളതലത്തിൽ 66-ാം സ്ഥാനത്തും എത്തി. അറബ് ലോകത്ത് യു.എ.ഇ നാലാമതും തുടർന്ന് ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമാണുള്ളത്. സിറിയ, യെമൻ, സൊമാലിയ എന്നീ രാജ്യങ്ങളാണ് ആരോഗ്യ സുരക്ഷാ സൂചികയിൽ ഏറ്റവും പിന്നിൽ.

6 വിഭാഗങ്ങളും 37 സൂചകങ്ങളും അനുസരിച്ച് 195 രാജ്യങ്ങളുടെ ആരോഗ്യ നടപടികളും കഴിവുകളുമാണ് അന്താരാഷ്ട്ര സൂചിക വിലയിരുത്തിയത്. ലോക രാജ്യങ്ങൾ ഇപ്പോഴും പകർച്ചവ്യാധികളെ നേരിടാൻ തയ്യാറായിട്ടില്ലെന്ന് ഫലങ്ങൾ ചൂണ്ടിക്കാണിച്ചു. എല്ലാ രാജ്യങ്ങളിലെയും ശരാശരി ആഗോള സ്കോർ 100 ൽ 38.9 ൽ മാത്രമാണ് എത്തിയത്. ഒരു രാജ്യവും ഉയർന്ന വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പകർച്ചവ്യാധികളെ നേരിടാനുള്ള പരമാവധി തയ്യാറെടുപ്പ് ഒരു രാജ്യങ്ങളും നടത്തിയിട്ടില്ലെന്നതാണിത് സൂചിപ്പിക്കുന്നതെന്നും സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

15 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിരുന്നു അറബ് രാജ്യങ്ങളിൽ സർവേ നടത്തിയത്. രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധം എങ്ങനെ, അന്താരാഷട്ര സമാധാന സൂചിക, രാജ്യ സുരക്ഷ, മലിനീകരണം, വിദ്യാഭ്യാസം, അഴിമതി, മാനവ വിഭവശേഷി വികസനം, തൊഴിലില്ലായ്മ, ജനാധിപത്യം, സ്വാതന്ത്ര്യം, കാലാവസ്ഥാ ഭീഷണികൾ. തുടങ്ങിയ കാര്യങ്ങൾ ആണ് പരിഗണിച്ചത്. സർവേ പ്രകാരം ഗൾഫ് അറബ് രാജ്യങ്ങൾ മറ്റു അറബ് രാജ്യങ്ങളേക്കാൾ പുരോഗതി കെെവരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.