മലവെള്ളപ്പാച്ചിലില്‍ യുവാക്കളെ രക്ഷിച്ച സൗദി പൗരന് ആദരവും സമ്മാനങ്ങളും

വെള്ളപ്പൊക്കത്തിൽപ്പെട്ട ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ രക്ഷിച്ച സ്വദേശി പൗരന് ആദരം. മദീന പ്രവിശ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചതിന് ഫഹദ് അൽഹർബി എന്ന സ്വദേശി പൗരനെയാണ് മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ആദരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 24ന് പെയ്ത കനത്ത മഴയെ തുടർന്നാണ് മദീനയുടെ തെക്കുപടിഞ്ഞാറുള്ള ഗാമിസ് അൽ ഹമാമിൽ വെള്ളപൊക്കമുണ്ടായത്.

അതെ സമയം ഫഹദ് രക്ഷിച്ച യുവാക്കളുടെ പിതാവ് നന്ദി സൂചകമായി പുതിയ കാർ സമ്മാനിച്ചു. മദീനയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഫഹദിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു. കനത്ത വെള്ളമൊഴുക്കിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് തെൻറ മണ്ണുമാന്തി യന്ത്രവുമായെത്തി രക്ഷിച്ചത്. ജെ.സി.ബിയുടെ മുൻഭാഗം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്ന വാഹനത്തിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വദേശി പൗരനും മൂന്ന് മക്കളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.