• inner_social
  • inner_social
  • inner_social

വിസയില്ലാതെ ഉംറ ചെയ്യാം; ഓഫറുമായി സൗദി എയർലൈൻസ്

വിമാന ടിക്കറ്റ് തന്നെയാണ് നിങ്ങളുടെ വിസയെന്ന പേരിൽ പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സൗജന്യമായി ടൂറിസ്റ്റ് വിസ നൽകുന്ന സേവനവുമായാണ് ദേശീയ എയർലൈൻസ് രംഗത്തെത്തിയത്. നാല് ദിവസത്തെ വിസയിൽ ഉംറ ചെയ്യാനുള്ള അവസരവുമുണ്ടാകും. സൗജന്യ വിസാ സേവനം ഉടനെ ആരംഭിക്കുമെന്ന് എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്‌റാനി അറിയിച്ചു. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മറ്റു ഫീസുകൾ ഒന്നും കൂടാതെ ടൂറിസ്റ്റ് വിസ കൂടി നൽകുന്ന പദ്ധതി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നാണ് റിപോർട്ട്. നാല് ദിവസമായിരിക്കും സന്ദർശക വിസയുടെ കാലാവധി.

അതെ സമയം വിദേശ ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് തുകയിൽ വരുത്തിയ 63 ശതമാനം കുറവ് ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയുടെ പ്രാരംഭ നടപടിക്രമങ്ങളിൽ ഇത് ഉൾപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ചികിത്സ, ആശുപത്രി പ്രവേശം, ഗർഭ ചികിത്സ, അടിയന്തര പ്രസവം, അവശ്യ ദന്തരോഗ ചികിത്സ, വാഹനാപകടവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഡയാലിസിസ് കേസുകൾ, മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇൻഷുറൻസ് പാക്കേജ്.