മക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് സൗദി അറേബ്യ

മക്കയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റർ പ്രദേശത്ത് പുതിയ സ്വർണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചത്. ഇതിലൂടെ കൂടുതൽ സ്വർണ ഖനനം സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്.

ഗവേഷണ കമ്പനി ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ, ഒരു ടണ്ണിൽ 10.4 ഗ്രാം എന്ന നിരക്കിലും മറ്റൊന്നിൽ 20.6 ഗ്രാം എന്ന നിരക്കിലും സ്വർണത്തിന്റെ അംശം കണ്ടെത്തിയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്പിളുകൾ പ്രദേശത്തെ വലിയ സ്വർണ നിക്ഷേപത്തിന്റെ ശേഖരത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ഇതിന്റെ അടിസ്ഥാനത്തിൽ 2024 ൽ കൂടുതൽ ഖനനം നടത്താൻ ആലോചിക്കുന്നതായും കമ്പനി വിശദീകരിച്ചു.

125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന് ആണ് റിപ്പോട്ടുകൾ. ഇതോടെ സൗദി അറേബ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വർണ വലയമായി പ്രദേശം മാറുമെന്ന വലിയ പ്രതീക്ഷയുണ്ട്. വിഭവങ്ങൾ ആഴത്തിലും പരപ്പിലും ലഭ്യമാണ്. ഇത് ഖനിയിലെ സമ്പത്തിെൻറ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഭൂഗർഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകുമെന്നും കമ്പനി പറഞ്ഞു. 2023 അവസാനത്തോടെ മൻസൂറയിലെയും മസാറയിലെയും സ്വർണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔൺസ് ആണ്. പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് ആണ് ഉത്പാദന ശേഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഖനന പദ്ധതികളിൽ ഒന്നാണിത്.