സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പദ്ധതിയെക്കുറിച്ചുള്ള ആമുഖ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. സല്‍മാന്‍ രാജാവിന്റെ ഭരണകാലഘട്ടത്തില്‍ രാജ്യം സാക്ഷ്യം വഹിച്ച പ്രധാന പൊതുഗതാഗത പദ്ധതികളെക്കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്ററി.
മൂന്ന് ലൈനുകളാണ് ഡിസംബർ 1 ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. ഘട്ടം ഘട്ടമായി 6 മെട്രോ ലൈനുകളാവും റിയാദ് മെട്രോയുടെ ഭാഗമായി തുറക്കുക. 176 കിലോമീറ്ററാണ് റിയാദ് മെട്രോയുടെ ദൂരപരിധി. ഒലയ, ബത്ഹ, അൽ ഹൈർ റൂട്ടായ ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ റോഡുകളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിലൂടെയുള്ള ട്രെയിൻ സർവിസിനാണ് തുടക്കം കുറിച്ചത്
3.6 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാൻ ശേഷിയുള്ള ശൃംഖലയാണ് വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഡ്രൈവറില്ലാത്ത മെട്രോയെന്നതാണ് റിയാദ് മെട്രോയുടെ മറ്റൊരു പ്രത്യേകത. ജർമ്മനിയിലെ സീമെൻസ്, കാനഡയിലെ ബൊംബാർഡിയർ, ഫ്രാൻസിലെ അൽസ്റ്റോം എന്നിവ നിർമ്മിക്കുന്ന 183 ട്രെയിനുകളാണ് സർവീസ് നടത്തുക.
12 വര്‍ഷം മുമ്പ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. കോവിഡ് മഹാമാരിയടക്കം നിരവധി വെല്ലുവിളികള്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുമ്പിലുണ്ടായിരുന്നു. എല്ലാ ട്രാക്കുകളിലും ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.