യുഎഇയില്‍ 43 രാജ്യങ്ങളിലെ ഡ്രൈവിങ്ങ് ലൈസന്‍സിന് അംഗീകാരം

ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്ത് വാഹനമോടിക്കാന്‍ ചൈന, യു കെ, ഫിൻലൻഡ്‌, നെതർലൻഡ്സ് അടക്കം 43 രാജ്യങ്ങളിലെ ദേശീയ ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്ള പ്രവാസികള്‍ക്ക് അനുവാദം നല്‍കുന്നതാണ് യുഎഇയുടെ പ്രഖ്യാപനം. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് വിവരം നൽകിയത്.യുഎഇയില്‍ പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്നും 43 രാജ്യങ്ങളിലെ ദേശീയ ലൈസന്‍സുള്ള പ്രവാസികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാവുന്നതാണ്. ഇത്തരം പ്രവാസികള്‍ക്ക് താമസ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പ്രസ്തുത ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണെന്നും യുഎഇയുടെ പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ വിശദമാക്കുന്നു. ഇത്തരത്തില്‍ ലൈസന്‍സ് ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് യുഎഇ ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.