യു എ എയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിലവാരമില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എമിറേറ്റ്‌സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ രാജ്യാന്തര നിമങ്ങള്‍ പാലിച്ച് മാത്രമേ നിര്‍മ്മിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും ഈ വര്ഷം ജനുവരി ഒന്നു മുതൽ സമ്പൂർണ നിരോധനം ദുബായ് ഗവണ്മെന്റ് ഏർപ്പെടുത്തിയിരുന്നു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കിയിരുന്നു. ഇതിൽ ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പികളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പാക്കേജിംഗ് സാമഗ്രികൾ, വെറ്റ് വൈപ്പുകൾ, ബലൂണുകൾ അടക്കമുള്ളവ നിരോധിക്കാനായിരുന്നു ഈ നീക്കം.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം വിതരണം ചെയ്യുന്നവര്‍ ഉപയോഗ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം, വെള്ളം നിറച്ച ബോട്ടിലുകളില്‍ ചൂടും സൂര്യപ്രകാശവും നേരിട്ടേല്‍ക്കരുതെന്നും കുടിവെള്ളം ഉപയോഗ ശൂന്യമാകുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുതല്‍ തവണ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിലവാരം നോക്കി തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം എന്നും അധികൃതർ അറിയിച്ചു.