ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് റാപ്പിഡ് പരിശോധന ഒഴിവാക്കി. എന്നാല്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ പരിശോധന തുടരും.
യുഎഇയിലേക്കു പോകുന്നവര്‍ യാത്രക്ക് ആറു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. നിബന്ധന ഒഴിവാക്കിയത് മലയാളികളടക്കം ആയിരകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യും. റാസല്‍ഖൈമ, അല്‍ ഐന്‍, ഫുജൈറ എമിറേറ്റുകളും നിബന്ധന ഒഴിവാക്കിയേക്കും. അതേസമയം, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ പരിശോധനയില്‍ മാറ്റമില്ല. ദുബായ് വിമാനതാവളത്തില്‍ ഇവര്‍ക്ക് പിസിആര്‍ പരിശോധനയും തുടരും.
വെള്ളിയാഴ്ച ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. നേരത്തെ, പുതിയ കൊറോണ കേസുകളുടെ എണ്ണം വളരെ കുറവായതിനാൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വറന്റീൻ നിബന്ധനകളും റദ്ദാക്കിയിരുന്നു.