ഖത്തറിലെ സർക്കാർ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഖത്തറിൽ 2024-25 പുതിയ അധ്യയന വർഷത്തേക്ക് സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷനും ട്രാൻസ്ഫർ ചെയ്യാനുമുള്ള സർവീസ് പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷനും ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പ്രവേശന നയത്തിൽ പറഞ്ഞിരിക്കുന്ന രജിസ്ട്രേഷൻ വ്യവസ്ഥകൾ അനുസരിച്ച് വിവിധ രാജ്യക്കാരായ വിദ്യാർത്ഥികൾക്ക് സേവനം ഉപയോഗപ്പെടുത്താനുള്ള അവസരമാണിത്. 2024 ഓഗസ്റ്റ് 26 മുതൽ 2024 സെപ്റ്റംബർ 30 വരെ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലെ (edu.gov.qa) Maaref പോർട്ടൽ വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Maaref ഇലക്ട്രോണിക് സർവീസ് ആരംഭിച്ചത്. ഖത്തറി പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ കുട്ടികൾ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന താമസക്കാരുടെ മക്കൾ, സ്വകാര്യ ചാരിറ്റബിൾ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾ, സ്ഥിര താമസക്കാരുടെ മക്കൾ എന്നിവർക്കാണ് സർക്കാർ സ്കൂളികളിൽ പ്രവേശനത്തിന് അർഹതയുള്ളത്.

അതെ സമയം പുതിയ അധ്യയന വർഷത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ (സെപ്റ്റംബർ 1) സർക്കാർ സ്‌കൂളുകളിലും കിൻ്റർഗാർട്ടനുകളിലും 1,31,000 വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിൽ 215 സർക്കാർ സ്കൂളുകളും 64 സർക്കാർ കിൻ്റർഗാർഡനുകളുമുണ്ട്.