ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന പെരുകാൻ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൊതുക് കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിൽ പറയുന്നു. ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി വൈറസ് പരത്തുന്നത്.

തലവേദന, കടുത്ത പനി, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഒരാളെ കുത്തിയ കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെയാണ് രോഗം പകരുക. അതേസമയം രോഗം ബാധിച്ച പലരിലും ലക്ഷണം കാണിക്കണമെന്നില്ല. അഥവാ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ആശുപത്രിയിലെത്തി അടിയന്തര ചികിത്സ തേടണമെന്നും മന്ത്രാലയം അറിയിച്ചു. മഴയ്ക്കൊപ്പമുള്ള കാലാവസ്ഥാ വ്യതിയാനവും ആ​ഗോളതാപനവുമൊക്കെ കൊതുകുകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കൊതുക് കടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെ ജനങ്ങൾക്ക് ഡെങ്കിപ്പനി, കൊതുകുകൾ വഹിക്കുന്ന മറ്റ് അണുബാധകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഖത്തറിൽ ഡെങ്കിപ്പനി വൈറസ് പിടിപെടാനുള്ള സാധ്യത പരിമിതമാണ്. ഖത്തറിലെ ഡെങ്കിപ്പനിയുടെ സാഹചര്യം മന്ത്രാലയം നിരീക്ഷിക്കുന്നത് തുടരുകയാണെന്നും കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.