ഖത്തറില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍കരണം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പര്‍ നിയമത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സ്വദേശികള്‍ക്കും സ്വദേശി വനിതകളുടെ കുട്ടികള്‍ക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിയമ ലക്ഷ്യം വയ്ക്കുന്നത്.
സ്വദേശികളായ യോഗ്യരായ ആളുകളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക,, സ്വദേശികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കമ്പനികളുടെ കഴിവ് വര്‍ധിപ്പിക്കുക, സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴില്‍ സ്ഥിരത ഉറപ്പാക്കുക, യോഗ്യരായ ഉദ്യോഗസ്ഥരുടെ തൊഴില്‍ വിപണി ആവശ്യകത നിറവേറ്റുക, സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.