‘എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനി’; ടിക്കറ്റ് നിരക്കില്‍ 10% ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

എട്ടാം തവണയും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേസ് യാത്രക്കാർക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ബുക്കിങുകള്‍ക്ക് 10 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂണ്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് എയര്‍ലൈന്‍ ഈ ഓഫര്‍ നല്‍കുന്നത്.

SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അതിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നടത്തുന്ന ബുക്കിംഗുകളില്‍ യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം. പുരസ്‌കാര ലബ്ധിയിൽ യാത്രക്കാരോടുള്ള നന്ദി സൂചകമായി താങ്ക്യൂ എന്ന പേരിലാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ലണ്ടനില്‍ നടന്ന 2024ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ വച്ചാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഈ ബഹുമതി സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കും എമിറേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ നേട്ടം.