വിമാനയാത്രക്കാർക്ക് അവരുടെ യാത്രയ്ക്ക് മുൻപുതന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യം ജി.ഡി.ആർ.എഫ്.എ (താമസ, തൊഴിൽ, കുടിയേറ്റ വകുപ്പ്) ആരംഭിച്ചു. എൻക്വയറി ഫോർ സ്മാർട്ട് ഗേറ്റ് രജിസ്‌ട്രേഷനെന്ന പേരിലുള്ള ഈസേവനം ജി.ഡി.ആർ.എഫ്.എ. വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിലൂടെ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുണ്ടോയെന്നും ഉറപ്പാക്കാനാവും. സേവനം പൂർണമായും സൗജന്യമാണ്. എമിഗ്രേഷന്‍ നടപടി സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് ഗേറ്റുകള്‍.
യു.എ.ഇ. പൗരർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) പൗരർ, ദുബായ് താമസവിസ ഉടമകൾ, മറ്റുവിസാ വിഭാഗങ്ങൾ എന്നിവർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻകഴിയും. ഈ പുതിയ സംവിധാനം യാത്രക്കാർക്ക് വലിയ സൗകര്യംനൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യാത്രക്കാർക്ക് അവരുടെ യാത്രാപദ്ധതികൾ കൂടുതൽ സുഗമമാക്കാനും കാത്തിരിപ്പുസമയം ലാഭിക്കാനും ഇതുസഹായിക്കും.