അമേരിക്കന്‍ മേഖലാ സമ്മേളനം വിജയകരമാക്കിയ എല്ലാവർക്കും നന്ദി: പി.ശ്രീരാമകൃഷ്ണൻ

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി നോർക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ലോകത്തിന്റെ ഏതു കോണിലും മലയാളിയെ ചേര്‍ത്തുപിടിക്കാനും ഒരുമിപ്പിക്കാനും നോർക്ക റൂട്ട്സിനും ലോക കേരള സഭ സെക്രട്ടേറിയറ്റിനും കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അമേരിക്കയിലെ പരിപാടികൾ എന്ന് അദ്ദേഹം പറഞ്ഞു.

പി ശ്രീരാമകൃഷ്ണന്റെ വാക്കുകൾ
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ലോകത്തിന്റെ ഏതു കോണിലും മലയാളിയെ ചേര്‍ത്തുപിടിക്കാനും ഒരുമിപ്പിക്കാനും നോർക്ക റൂട്ട്സിനും ലോക കേരള സഭ സെക്രട്ടേറിയറ്റിനും കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അമേരിക്കയിലെ പരിപാടികൾ. ഈ മേഖലയിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ ആരായാനും, അമേരിക്കൻ മലയാളികൾക്ക് ജന്മനാടിനായി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന ചർച്ച ഉണർത്താനും ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിനും കഴിഞ്ഞു. വിവിധ അസ്സോസിയേഷനുകളിലായി ചിതറിക്കിടന്ന മലയാളികളെ ഒന്നിച്ച് ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നതാണ് മേഖലാ സമ്മേളനത്തിന്റെ പ്രത്യേകത. പലവിധത്തിലുള്ള വിമർശനങ്ങളോടെ സമ്മേളനത്തിന്റെ ശോഭ കെടുത്താൻ തുനിഞ്ഞിറങ്ങിയ ചില മാധ്യമങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ പരിപാടിയുടെ വിജയത്തിനായി.

ആദ്യമായാണ് കേരള സർക്കാർ വ്യവസ്ഥാപിതമായ രീതിയിൽ അമേരിക്കൻ പ്രവാസികൾക്കായി ഒരു പരിപാടി സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ എല്ലാ പ്രവാസി അസോസിയേഷനുകളുടെയും സജീവ പങ്കാളിത്തമുണ്ടായി.പ്രൊഫഷണലുകൾ, മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ, ഐടി പ്രൊഫഷനുകൾ, വനിതാ സംരംഭകർ യു.എസ്.എ. -യിലെ ഇന്ത്യൻ ബിസിനസ്സ് കമ്മ്യൂണിറ്റി, ന്യൂയോർക്കിലെ സെനറ്റർ, ക്ഷണിക്കപ്പെട്ട അതിഥികൾ ന്യൂയോർക്കിലെ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. ഇന്ത്യൻ കോൺസുലേറ്റിന്റെ പിന്തുണയും എടുത്തുപറയേണ്ടതാണ്. അമേരിക്ക കാനഡ മേഖലയിലെ ഒരു പ്രവാസി കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സമ്മേളനം ശ്രദ്ധേയമായ പങ്ക് വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ലോക കേരള സഭ റീജിയണൽ സമ്മേളനത്തിലും ടൈം സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിലും എല്ലാ മലയാളി സംഘടനകളിലേ പ്രതിനിധികളുണ്ടായിരുന്നു. ടൈം സ്ക്വയറിൽ നടന്ന പൊതു സമ്മേളനം അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായ ചരിത്രസംഭവമായി.അമേരിക്കയിലെ എല്ലാ മലയാളി പ്രവാസി സംഘങ്ങളും മുഴുവൻ പരിപാടികളിലും സഹകരിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ,ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ ഷംസീർ, എം.പി.ജോൺ ബ്രിട്ടാസ് , ജോസ് കെ മാണി, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് സെക്രട്ടറി വി.പി. ജോയി, ലോക കേരള സഭ ഡയറക്ടർ ഡോ.വാസുകി, നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എന്നിവരുടേയെല്ലാം സാന്നിദ്ധ്യം സമ്മേളനത്തെ പ്രൗഡോജ്ജ്വലമാക്കി. സർക്കാരിൻറെ വികസന , ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അമേരിക്കൻ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കാനായി എന്നതും അമേരിക്കൻ പരിപാടിയുടെ എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട വിഷയാവരണങ്ങൾ അമേരിക്കൻ മേഖലയിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ചർച്ച ചെയ്യുന്നതിന് സഹായകരമായി.അമേരിക്കൻ മലയാളി എന്ന നിലയിലും വിശ്വപൗരൻ എന്ന നിലയിലും പ്രയോജനം ചെയ്യുന്ന ഗുണകരമായ ചർച്ചകളും തീരുമാനങ്ങളുമാണ് സഭാ സമ്മേളനത്തിൽ ഉടനീളം ഉണ്ടായത്. നാനാതുറയിൽ നിന്നുള്ളവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും സർക്കാരിന്റേയും ലോക കേരള സഭയുടേയും ഭാവി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ സഹായിക്കുക തന്നെ ചെയ്യും.

മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിക്കാൻ നോർക്ക റൂട്ട്സിനെ സഹായിച്ചത് അമേരിക്കൻ മലയാളികളടങ്ങിയ സംഘാടക സമിതിയാണ്. ഏറെ നാളത്തെ അവരുടെ അശ്രാന്തമായ പരാശ്രമത്തിന്റെ ഫലമാണ് ന്യൂയോർക്കിലെ പരിപാടിയുടെ വിജയം. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ച പ്രവാസി സംഘടനാ പ്രതിനിധികളും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അവർക്കും സംഘാടക സമിതിയിലെ ഒരോ അംഗങ്ങൾക്കും, നേരിട്ടും അല്ലാതെയും ഈ പരിപാടി വിജയപ്രദമാക്കാൻ സഹായിച്ച, സഹകരിച്ച മറ്റെല്ലാവർക്കും നോർക്ക റൂട്ട്സിന്റെ പേരിൽ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച നോർക്ക റൂട്ട്സ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് എന്നിവയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നന്ദി !